പാലക്കാട്: മലമ്പുഴയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കളമൊരുക്കുന്നെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ഹൈക്കമാന്‍ഡും ഡി.സി.സി.യും അറിയാതെ ഭാരതീയ നാഷണല്‍ ജനതാദളിന് സീറ്റ് നല്‍കിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ജോണ്‍ ജോണിനെ ആദ്യം വിളിച്ച് സീറ്റ് നല്‍കാമെന്ന് പറയുന്നത് ഉമ്മന്‍ചാണ്ടിയാണ്. തുടര്‍ന്ന് രമേശ് ചെന്നിത്തലയും വിളിച്ചു. പുതുപ്പള്ളിയിലും ഹരിപ്പാട്ടും വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അതെന്നും ബാലന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിലെ അറിയപ്പെടുന്ന ഭാരവാഹികള്‍ രാജിവെക്കുന്നത് അഭിപ്രായവ്യത്യാസംമൂലം മാത്രമല്ല, പ്രത്യയശാസ്ത്രരംഗത്തെ സംഘടനയുടെ ദൗര്‍ബല്യവും ഇത് തെളിയിക്കുന്നു. ഇത് ബി.ജെ.പി. മുതലെടുക്കും. മതനിരപേക്ഷമായി ചിന്തിക്കുന്ന നല്ല കോണ്‍ഗ്രസുകാര്‍ ഇതിനെതിരേ പ്രതികരിക്കണമെന്നും ബാലന്‍ പറഞ്ഞു

വാളയാറിലെ അമ്മയുടേതും ലതികാ സുഭാഷിന്റേതുമായി രണ്ട് പ്രധാന തലമുണ്ഡനങ്ങളാണ് കേരളത്തില്‍ നടന്നത്. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്യില്ലെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് മുല്ലപ്പള്ളി പ്രതികരിച്ചതെന്നും ബാലന്‍ കുറ്റപ്പെടുത്തി.