മലപ്പുറം: സംസ്ഥാനത്ത് ചെറിയൊരു യുഡിഎഫ് തരംഗമെന്ന് പറഞ്ഞാല്‍ തെറ്റാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണെന്നും അദ്ദേഹം. പാണാക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഭാഗത്ത് നിന്നും കിട്ടുന്ന റിപ്പോര്‍ട്ട് ആത്മവിശ്വാസം നല്‍കുന്നതാണ്. യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം ജില്ലാ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ  കുറിച്ച് വിലിയിരുത്തല്‍ നടത്തിയിരുന്നു. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കുമെന്ന് വിലയിരുത്തി.

ചെറിയൊരു തരംഗമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെല്ലാം ഇതേ വരെ ഉണ്ടാകാത്ത ഒരു മുന്നേറ്റമാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.