തിരുവനന്തപുരം: ഐശ്വര്യകേരളയാത്രയുടെ സമാപനത്തോടെ യു.ഡി.എഫ്. സീറ്റ് വിഭജന ചര്‍ച്ചകളുടെ രണ്ടാംറൗണ്ടിലേക്ക് കടക്കും. യാത്രയുടെ സമാപനം കുറിച്ച് ചൊവ്വാഴ്ച ശംഖുംമുഖത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് മുമ്പായി യു.ഡി.എഫ്. യോഗം ചേരും. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതി തീരുമാനിക്കും. ശംഖുംമുഖം സമ്മേളനത്തിനു ശേഷം വൈകീട്ട് ഉമ്മന്‍ചാണ്ടി അധ്യക്ഷനായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗംചേരും. വ്യാഴാഴ്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ യോഗവുമുണ്ട്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ചര്‍ച്ചയാണ് എങ്ങുമെത്താത്തത്. മധ്യതിരുവിതാംകൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെ താത്പര്യം വെക്കുന്നതാണ് തടസ്സമാകുന്നത്. സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റ് ചോദിച്ചു തുടങ്ങിയ പി.ജെ. ജോസഫ് 12 സീറ്റ് കിട്ടിയേ പറ്റൂവെന്ന ആവശ്യമുയര്‍ത്തുന്നു. ഇതില്‍ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നിവ ഉള്‍പ്പെടും.
എട്ട്-ഒമ്പത് സീറ്റിനപ്പുറം പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പി.കെ. കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായി നടത്തിയ ശ്രമങ്ങള്‍ക്കും ജോസഫ് വഴങ്ങിയിട്ടില്ല. ഇടതുമുന്നണിയില്‍ ജോസ് കെ. മാണി വിഭാഗത്തിന് എത്ര സീറ്റ് നല്‍കുന്നുവെന്നതും കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നുണ്ട്. സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ക്കടുത്ത് വേണമെന്ന പി.ജെ. ജോസഫിന്റെ നിലപാട് അമിത അവകാശവാദമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളത്.
കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും കഴിഞ്ഞപ്രാവശ്യം മത്സരിച്ച സീറ്റുകളില്‍ വര്‍ധനയുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 87 സീറ്റുകളില്‍ മത്സരിച്ചയിടത്ത് ഇപ്രാവശ്യം 95 ആണ് ലക്ഷ്യം. ലീഗ് മത്സരിച്ച 24 സീറ്റുകളിലും വര്‍ധനയുണ്ടാകും. ലീഗിനുള്ള സീറ്റിന്റെ എണ്ണവും വെച്ചുമാറ്റവും സംബന്ധിച്ചും ധാരണയിലെത്തിയിട്ടില്ല.
മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ച് എത്തുന്നതിനാല്‍ മുന്നണിയിലെടുക്കേണ്ടിവരും. കാപ്പന്റെ പാര്‍ട്ടിക്ക് പാലായ്ക്ക് പുറമേ ഒരു സീറ്റ് കൂടി ലഭിച്ചേക്കും. ആര്‍.എസ്.പി., സി.എം.പി., കേരള കോണ്‍ഗ്രസ് ജേക്കബ് കക്ഷികള്‍ക്ക് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകളുടെ എണ്ണം നിലനിര്‍ത്തും. ഫോര്‍വേഡ് ബ്ലോക്കിനും ഒരു സീറ്റ് ലഭിക്കുമെന്നാണ് വിവരം.
Content Highlights: udf seat sharing- kerala assembly election