കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും മന്ത്രി കെ.ടി. ജലീലിനെയും മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറി മത്സരിപ്പിക്കാന്‍ സി.പി.എമ്മില്‍ ആലോചന. ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍നിന്നും ജലീല്‍ തവനൂരില്‍നിന്നുമാണ് നിലവില്‍ നിയമസഭയിലെത്തിയത്.
ഇരുവരെയും വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എമ്മില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍, രണ്ടു മണ്ഡലങ്ങളിലും സീറ്റ് മോഹിച്ചുനില്‍ക്കുന്ന ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ എതിര്‍പ്പും പ്രചാരണവും ഉയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയും സി.ഐ.ടി.യു. നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഇത്.
രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കുക എന്ന മാനദണ്ഡമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രചാരണത്തില്‍ മനംമടുത്ത് രണ്ടുപേരും ഇത്തവണ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടിലെത്തി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് സൂചന. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇരുവരും മത്സരരംഗത്തുണ്ടാവണമെന്ന അഭിപ്രായത്തിലാണ് പാര്‍ട്ടി നേതൃത്വം.