മലപ്പുറം: താനൂരില്‍ 2016-ല്‍ അട്ടിമറി യം നേടിയ വി. അബ്ദുറഹ്മാന്‍ ഇത്തവണയും ആവര്‍ത്തിച്ചു. കനത്ത പോരാട്ടത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസിനെ പരാജയപ്പെടുത്തി.

54 കൊല്ലം തുടര്‍ച്ചയായി മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ച മണ്ഡലമാണ് താനൂര്‍. 57ല്‍ സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിവെച്ച വിജയയാത്രയ്ക്ക് ബ്രേക്കിടുന്നത് 2016ല്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാനാണ്. ഇത്തവണയും അദ്ദേഹത്തെ മണ്ഡലം കൈവിട്ടില്ല.

മണ്ഡലം തിരിച്ചുപിടിക്കാന്‍ പി.കെ. ഫിറോസെന്ന യുവരക്തത്തെയിറക്കിയെങ്കിലും ഭാഗ്യം തുണച്ചില്ല. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലം 167 വോട്ടിന് അബ്ദുറഹിമാനെ ജയിപ്പിച്ചു.

2016-ല്‍ വി. അബ്ദുറഹ്മാനാണ് ലീഗിന്റെ സിറ്റിങ് എം.എല്‍.എ.യായിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ച് രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ചത്. നേരത്തേ കോണ്‍ഗ്രസുകാരനായിരുന്ന അബ്ദുറഹ്മാന്‍ ഇടതുസ്വതന്ത്രനായാണ് താനൂരില്‍ 4918 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.