ചങ്ങരംകുളം: വമ്പന്മാര്‍ക്ക് കടല്‍വിറ്റ ഇടതുസര്‍ക്കാരിനെ ഈ തിരഞ്ഞെടുപ്പില്‍ കടലിലേക്ക് തൂത്തെറിഞ്ഞ് ഭരണം പിടിച്ചെടുക്കുമെന്ന് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കകയായിരുന്നു അദ്ദേഹം.

പരസ്പരം കലഹിച്ചു കഴിയുന്നവര്‍ പരസ്പരം മനസ്സിലാക്കുന്നതിനായാണ് ഈ ജാഥ നടത്തുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണെങ്കിലും മൂല്യങ്ങള്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. നാടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി പോരാടാമെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റന്‍ അഡ്വ. യു.എ. ലത്തീഫ്, യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, കെ.എന്‍.എ. ഖാദര്‍, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പ്രസംഗിച്ചു. ചങ്ങരംകുളത്തുനിന്ന് തുടങ്ങിയ ജാഥയ്ക്ക് ശനിയാഴ്ച അയങ്കലത്തും സ്വീകരണം നല്‍കി.