മലപ്പുറം: കടുത്ത മത്സരം നടന്ന പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്റെ ഭൂരിപക്ഷം. ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫയെ ആണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ആവശ്യത്തെ തുടര്‍ന്ന് ഒരു ബൂത്തില്‍ റിക്കൗണ്ടിങ് നടത്തിയിരുന്നു.

കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇടതുപക്ഷം. 1957 മുതല്‍ നടന്ന മുന്നു തിരഞ്ഞെടുപ്പുകളിലും കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി വിജയിച്ച പെരിന്തല്‍മണ്ണ 1970ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം കൈയിലെത്തിയശേഷം 35 വര്‍ഷം ലീഗിന്റെ തേരോട്ടമാണ്. 2006ല്‍ വി. ശശികുമാര്‍ പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ച് സി.പി.എമ്മിന്റെ അഭിമാനമായി മാറിയിരുന്നു.

തുടര്‍ന്ന് മണ്ഡലം വീണ്ടും ലീഗിന്റെ കൈകളിലേക്ക്. എന്നാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ മണ്ഡലത്തിലെ  പിടിച്ചെടുക്കാനുള്ള ഇടതുപക്ഷത്തിന്റെ സ്വപ്‌നമാണ് തലനാരിഴക്ക് നജീബ് തട്ടിയെടുത്തത്.

മുസ്ലിം ലീഗിലായിരുന്ന മുസ്തഫ 2010-15 കാലത്ത് മലപ്പുറം നഗരസഭയുടെ ചെയര്‍മാനായിരുന്നു. 2016 മഞ്ഞളാംകുഴി അലി 576 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചുകയറിയത്.