വോട്ടുകള്‍ പെട്ടിയിലാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ചൂടേറിക്കഴിഞ്ഞു. മലപ്പുറത്തു മത്സരിക്കുന്ന മറുനാട്ടുകാരെപ്പോലെ മറുനാട്ടില്‍ മത്സരിക്കുന്ന മലപ്പുറത്തുകാരുമുണ്ട്. പാര്‍ട്ടി പറയുന്നിടത്ത് മത്സരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ജില്ല വിട്ടവരാണ് അവരെല്ലാം. ഈ വോട്ടങ്കത്തില്‍ അവരെക്കൂടി നമുക്ക് ഓര്‍മിക്കേണ്ടതുണ്ട്. കന്നിയങ്കത്തിന് പുറപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. കെ.എന്‍.എ. ഖാദര്‍, ഇ. ശ്രീധരന്‍, എന്‍. ഷംസുദ്ദീന്‍, എം. സ്വരാജ്, അബ്ദുറഹിമാന്‍ രണ്ടത്താണി, റിയാസ് മുക്കോളി എന്നിവരാണ് മലപ്പുറത്തുകാരായി വിവിധ ജില്ലകളില്‍ മത്സരത്തിനുള്ളത്. മലപ്പുറത്തിന്റെ മരുമക്കളായ ശോഭ സുരേന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി കഴക്കൂട്ടത്തും ആര്‍. ബിന്ദു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇരിങ്ങാലക്കുടയിലും മത്സരത്തിനുണ്ട്.


കെ.എന്‍.എ. ഖാദര്‍ @ ഗുരുവായൂര്‍

നാലാമത്തെ അങ്കത്തിന് കെ.എന്‍.എ. ഖാദറിനെ ഏല്‍പ്പിച്ചത് ഗുരുവായൂര്‍ മണ്ഡലമാണ്. മലപ്പുറം കോഡൂര്‍ വടക്കേമണ്ണ സ്വദേശിയായ കെ.എന്‍.എ. ഖാദറിന് ഇത് നാലാമത്തെ മണ്ഡലമാണ്. 2001-ല്‍ കൊണ്ടോട്ടിയിലും 2011-ല്‍ വള്ളിക്കുന്നിലും 2017-ല്‍ വേങ്ങരയിലും വിജയിച്ച അദ്ദേഹത്തെ ഗുരുവായൂരും പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.


പാലക്കാടിന്റെ മണ്ണില്‍ ശ്രീധരന്‍

രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി കന്നി അങ്കം കുറിക്കുന്നത് പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നാണ്. പാലക്കാട്ടുകാരനായാണ് ജനിച്ചതെങ്കിലും പൊന്നാനിയിലെ സ്ഥിരതാമസക്കാരനാണ്. റെയില്‍വേ ജനറല്‍മാനേജര്‍, കൊങ്കണ്‍ റെയില്‍വേ സി.എം.ഡി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡി.എം.ഡി. ഡല്‍ഹി മെട്രോ എം.ഡി. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിരമിച്ചശേഷം റെയില്‍വേ ഉന്നതാധികാര സുരക്ഷാസമിതി ഉപദേശകന്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേശകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


സ്വരാജ് തൃപ്പൂണിത്തുറയില്‍

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ എം. സ്വരാജ് ഇത്തവണയും ജനവിധി തേടുന്നത് തൃപ്പുണിത്തുറയില്‍നിന്നാണ്. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗമായ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിട്ടുണ്ട്.


മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍

ഇത്തവണയും മണ്ണാര്‍ക്കാടു നിന്നുതന്നെ നിയമസഭയിലെത്താനുള്ള ഒരുക്കത്തിലാണ് എന്‍. ഷംസുദ്ദീന്‍. തിരൂര്‍ സ്വദേശിയായ ഷംസുദ്ദീന്‍ തിരൂരില്‍ മത്സരിച്ചേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മണ്ണാര്‍ക്കാട് തന്നെ മതിയെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചു. ഇത് മൂന്നാംതവണയാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിയായ അദ്ദേഹം മലപ്പുറം ജില്ലാപഞ്ചായത്തംഗം, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


പുനലൂരിലേക്ക് രണ്ടത്താണി

നാലാംതവണ മത്സരത്തിനിറങ്ങുന്ന അബ്ദുറഹിമാന്‍ രണ്ടത്താണി ഇത്തവണ ജനവിധി തേടുന്നത് കൊല്ലം പുനലൂരില്‍ നിന്നാണ്. താനൂരില്‍നിന്ന് രണ്ടുതവണ എം.എല്‍.എയായ അബ്ദുറഹിമാന്‍ രണ്ടത്താണി നിലവില്‍ മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിയാണ്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, അബുദാബി കെ.എം.സി.സി. സെക്രട്ടറി, മുസ്ലിംലീഗ് മലപ്പുറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


പട്ടാമ്പി പിടിക്കാന്‍ മുക്കോളി

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കരിപ്പൂര്‍ സ്വദേശിയായ റിയാസിന് ഇത് ആദ്യ മത്സരമാണ്. കെ.എസ്.യു. ജില്ലാ ജനറല്‍സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.