മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എം.പി.അബ്ദുസമദ് സമദാനിക്ക് ജയം. 1,14,615 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി.സാനുവിനെ പരാജയപ്പെടുത്തിയത്. 

2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മുസ്ലിംലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ശ്രദ്ധേയമാണ്. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. സാനു തന്നെയായിരുന്നു അന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 93913 വോട്ടുകള്‍ ഇത്തവണ സാനുവിന് അധികം നേടാനായി. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചയത്രയും വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണത്തെ വോട്ട് നില

അബ്ദുസമദ് സമദാനി (യുഡിഎഫ്)- 5,38,248
വി.പി.സാനു (എല്‍ഡിഎഫ്)- 4,23,633
എ.പി.അബ്ദുള്ളക്കുട്ടി- 68,935

മലപ്പുറത്തെ 2019-ലെ ഫലം

പി.കെ.കുഞ്ഞാലിക്കുട്ടി (യുഡിഎഫ്)- 5,89,873
വി.പി.സാനു(എല്‍ഡിഎഫ്)-3,29,720
ഉണ്ണികൃഷ്ണന്‍ (ബിജെപി)- 82332