മലപ്പുറം: ഏപ്രില്‍ ആറിന് മലപ്പുറത്ത് നടക്കുന്നത് സംസ്ഥാനത്തെ ഒന്‍പതാമത്തെ ലോക്സഭാ ഉപതിരഞ്ഞടുപ്പ്. മലപ്പുറം മണ്ഡലത്തിലിത് മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പും.

മണ്ഡലത്തിന്റെ പേര് മഞ്ചേരി എന്നായിരിക്കുമ്പോഴായിരുന്നു (1973) ആദ്യ ഉപതിരഞ്ഞെടുപ്പ്. മലപ്പുറം എന്ന് പേരുമാറ്റിയശേഷം 2017-ലും ഉപതിരഞ്ഞെടുപ്പുണ്ടായി. രണ്ടുതവണയും മുസ്ലിംലീഗിലെ സിറ്റിങ് എം.എല്‍.എമാരാണ് മത്സരിച്ചതും ജയിച്ചതും. 1973-ല്‍ സി.എച്ച്. മുഹമ്മദ് കോയയും 2017-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും. കൊണ്ടോട്ടി എം.എല്‍.എ. ആയിരുന്ന സി.എച്ച്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്നു. കുഞ്ഞാലിക്കുട്ടി വേങ്ങര എം.എല്‍.എയും. 2019-ലും ജയിച്ച അദ്ദേഹം രാജിവെച്ചതോടെയാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ്.

എറണാകുളം മണ്ഡലത്തിലും മുന്‍പ് രണ്ടുതവണ ഉപതിരഞ്ഞെടുപ്പുണ്ടായി. ഇടത് സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു രണ്ടിലും വിജയി. എട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ആറും എം.പിമാരുടെ മരണത്തെതുടര്‍ന്നായിരുന്നു. രണ്ടുതവണ എം.പിമാര്‍ രാജിവെച്ച ഒഴിവിലേക്കും. എട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും നാലുതവണവീതം ജയിച്ചു. ആറുതവണയും സിറ്റിങ് പാര്‍ട്ടിക്ക് തന്നെയായിരുന്നു വിജയം. രണ്ടുതവണ കോണ്‍ഗ്രസിന്റെ സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു.


ഉപതിരഞ്ഞെടുപ്പുകള്‍ ഇങ്ങനെ

• മീനച്ചില്‍ - 1953 നവംബര്‍ 16: പി.ടി. ചാക്കോ രാജിവെച്ചപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി ജയിച്ചു. ഇരുവരും കോണ്‍ഗ്രസ്.

• മുകുന്ദപുരം - 1970 സെപ്റ്റംബര്‍ 17: പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണത്തെത്തുടര്‍ന്ന്. എ.സി. ജോര്‍ജ് ജയിച്ചു. രണ്ടുപേരും കോണ്‍ഗ്രസ്.

• മഞ്ചേരി - 1973 ജനുവരി 22: മുഹമ്മദ് ഇസ്മായില്‍ സാഹിബ് മരിച്ചപ്പോള്‍ സി.എച്ച്. മുഹമ്മദ്‌കോയ എം.പിയായി. ഇരുവരും മുസ്ലിംലീഗ്.

• ഒറ്റപ്പാലം - 1993 സെപ്റ്റംബര്‍ 7: കേണ്‍ഗ്രസ്സിലെ കെ.ആര്‍. നാരായണന്‍ രാജിവെച്ച ഒഴിവിലേക്ക്. സി.പി.എമ്മിലെ എസ്. ശിവരാമന്‍ സീറ്റ് പിടിച്ചെടുത്തു.

• എറണാകുളം - 1997 മേയ് 29: സേവിയര്‍ അറയ്ക്കല്‍ മരിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ എം.പിയായി. ഇടത് സ്വതന്ത്രരായാണ് ഇരുവരും ജയിച്ചത്.

• എറണാകുളം - 2003 സെപ്റ്റംബര്‍ 23: കോണ്‍ഗ്രസിലെ ജോര്‍ജ് ഈഡന്റെ മരണത്തെത്തുടര്‍ന്ന്. ഇടത് സ്വതന്ത്രനായി സെബാസ്റ്റ്യന്‍പോളിന് വീണ്ടും ജയം.

• തിരുവനന്തപുരം - 2005 നവംബര്‍ 18: പി.കെ. വാസുദേവന്‍ നായര്‍ മരിച്ചപ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ പകരക്കാരനായി. ഇരുവരും സി.പി.ഐ.

• മലപ്പുറം - 2017 ഏപ്രില്‍ 12: മുസ്ലിംലീഗിലെ ഇ. അഹമ്മദിന്റെ വിയോഗത്തെത്തുടര്‍ന്ന്. പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.