മലപ്പുറം:  കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കൂടി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കാനിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ട് അടക്കമുള്ളവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്. എം പി അബ്ദുസമദ് സമദാനി, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്.

എം പി അബ്ദുസമദ് സമദാനിയുടെ പേരാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നതെങ്കിലും മുസ്ലീം ലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് ഇബ്രാഹിം സേട്ടിനെ പരിഗണിക്കമെന്ന ആവശ്യത്തിനാണ് പിന്തുണ കൂടുന്നത്. ദേശീയ രഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന നേതാവ് വേണമെന്ന അഭിപ്രായത്തിലാണ് സിറാജ് സേട്ടിനെ പരിഗണിക്കുന്നത്. 

ഐ.എന്‍.എല്ലില്‍ നിന്ന് മുസ്ലീം ലീഗിലെത്തി പത്തുവര്‍ഷം പിന്നിട്ടിട്ടും സിറാജ് സേട്ടിന് പാര്‍ലമെന്ററി പദവികളൊന്നും നല്‍കിയിട്ടുണ്ടായിരുന്നില്ല. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയെന്ന ഉത്തരവാദിത്തമാണ് സംഘടനതലത്തില്‍ അദ്ദേഹം ഇപ്പോള്‍ നിര്‍വഹിക്കുന്നത്. മണ്ണാര്‍ക്കാട് നിന്ന് രണ്ടു തവണ എം എല്‍ എ യായ
എന്‍ ഷംസുദ്ദീനെ ലോക്‌സഭ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും ആലോചനയിലുണ്ട്.

എന്നാല്‍ ഷംസുദ്ദീന് നിയമസഭയിലേക്ക് പോകാനാണ് കൂടുതല്‍ താത്പര്യം. പെരിന്തല്‍മണ്ണയില്‍ വീണ്ടും അവസരം ലഭിക്കാന്‍ ഇടയില്ലാത്ത മുന്‍ മന്ത്രി മഞ്ഞളാം കുഴി അലിയുടെ പേരും ഉയരുന്നു കേള്‍ക്കുന്നുണ്ട്. മുസ്ലീം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല.