മലപ്പുറം: തുടര്‍ഭരണം നേടിയ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ മലപ്പുറത്തുനിന്നുള്ള ആര്‍ക്ക് അവസരംകിട്ടുമെന്നാണ് ഇനിയുള്ള ആകാംക്ഷ. കഴിഞ്ഞതവണ കെ.ടി. ജലീലിനെയാണ് ഭാഗ്യം തുണച്ചത്. പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറുമായി.

ഇത്തവണ ജയിച്ച നാലുപേരില്‍ പി. നന്ദകുമാറിനാകും മുന്‍ഗണന. അദ്ദേഹം മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ചത്. ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച ജലീലിന്റെ കാര്യത്തില്‍ സി.പി.എമ്മില്‍ നയപരമായ തീരുമാനം വേണ്ടിവരും. 

രണ്ടാംതവണയും ജയിച്ച സ്വതന്ത്രരായ പി.വി. അന്‍വറോ വി. അബ്ദുറഹിമാനോ പരിഗണിക്കപ്പെടുമോയെന്നും കാത്തിരുന്നു കാണണം.

അതേസമയം സ്വതന്ത്രരെയും യു.ഡി.എഫ്. വിമതരെയും ഇറക്കിയുള്ള പരീക്ഷണംകൊണ്ട് ജില്ലയില്‍ ഇക്കുറി ഇടതുമുന്നണിക്ക് അധികനേട്ടമുണ്ടാക്കാനായില്ല. 16 സീറ്റുകളിലായി ഏഴ് സ്വതന്ത്രരെയാണ് എല്‍.ഡി.എഫ്. കളത്തിലിറക്കിയത്. കഴിഞ്ഞതവണ ജയിച്ച മൂന്നുപേര്‍ക്കുമാത്രമേ ഇത്തവണയും ജയിക്കാനായുള്ളൂ.

സി.പി.എമ്മിന്റെ 11 സീറ്റില്‍ അഞ്ചിടത്താണ് സ്വതന്ത്രരെ മത്സരിപ്പിച്ചത്. തവനൂര്‍, താനൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളില്‍.

ജയിച്ചത് കെ.ടി. ജലീല്‍, പി.വി. അന്‍വര്‍, വി. അബ്ദുറഹിമാന്‍ എന്നിവര്‍. പെരിന്തല്‍മണ്ണയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും വിജയം കണ്ടില്ല. ഈ സ്വതന്ത്രരില്‍ നാലുപേരും മുന്‍പ് പഴയ യു.ഡി.എഫുകാരാണെന്ന പ്രത്യേകതയുമുണ്ട്.

സി.പി.ഐയുടെ മൂന്ന് സീറ്റുകളില്‍ തിരൂരങ്ങാടിയിലും ഏറനാട്ടിലും സ്വതന്ത്രരെ കളത്തിലിറക്കി. അതില്‍ ഒരാള്‍ക്കും ജയിക്കാനായില്ല. തിരൂരങ്ങാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റി നിയാസ് പുളിക്കലകത്തിനെ വീണ്ടും രംഗത്തിറക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല