കോട്ടക്കല്‍: മലപ്പുറത്ത് ഇത്തവണ എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. കഴിഞ്ഞ തവണ നാല് സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'കേരളത്തില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ച,. ധീരമായ മറ്റു എല്ലാ മേഖലകളിലേയുമുള്ള കാല്‍വെപ്പുകള്‍ ഇതുകൊണ്ടെല്ലാമാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങള്‍ പറയുന്നത്.  കഴിഞ്ഞ അഞ്ചു വര്‍ഷം ദുരന്തങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്‌നസമാനമായ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തി എന്നുള്ളത് ജനങ്ങള്‍ക്കിടയില്‍ വളരെ സജീവമാണ്' ജലീല്‍ പറഞ്ഞു.

തവനൂരില്‍ കഴിഞ്ഞ രണ്ടു തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇത്തവണയും അതിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.