തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനായി. എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു.

2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്നു.

എല്‍.ഡി.എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി രണ്ടുമാസത്തോളം നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്. മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് തവനൂരായിരുന്നു.