മലപ്പുറം: നിയന്ത്രണങ്ങള്‍ വിജയാഹ്‌ളാദത്തിന്റെ മാറ്റുകുറച്ചെങ്കിലും ഒരു നിരോധനാജ്ഞയും ബാധിക്കാത്ത സമൂഹമാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുഫലം ആഘോഷമാക്കി.

കൂര്‍ത്ത നര്‍മങ്ങളും കുറിക്കുകൊള്ളുന്ന വാചകങ്ങളുമായി ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ത്തന്നെ തലങ്ങും വിലങ്ങും ട്രോളുകള്‍ പറന്നുതുടങ്ങിയിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളെ ഒട്ടും മയമില്ലാതെ ട്രോളന്‍മാര്‍ വലിച്ചുകീറി. മികച്ച വിജയം കാഴ്ചവെച്ച ഇടതുമുന്നണിമാത്രം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. 

ജില്ലയ്ക്കുപുറത്ത് മത്സരിച്ചവരെപ്പോലും വെറുതെവിട്ടിട്ടില്ല. താനൂര്‍ തിരിച്ചുപിടിക്കുമെന്ന വി.പി. ഫിറോസിന്റെ അവകാശവാദവും ഫലം വരുന്നതിനു മുമ്പുതന്നെ ഇ. ശ്രീധരന്‍ എം.എല്‍.എ. ഓഫീസ് തുറന്നതും ചിത്രത്തിലേ വരാതിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ അവസ്ഥയും എം.പി. സ്ഥാനം രാജിവെച്ച് മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിസ്സഹായാവസ്ഥയുമെല്ലാം സമൂഹമാധ്യമ ചാക്യാന്‍മാര്‍ നിശിതമായ പരിഹാസത്തിനിരയാക്കി.