മലപ്പുറം: തിരഞ്ഞെടുപ്പുഫലത്തില്‍ കഴിഞ്ഞതവണത്തെ അതേ ആവര്‍ത്തനം ജില്ലയില്‍ സംഭവിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ അതുണ്ടായില്ല. ഇടത്, വലത് മുന്നണികള്‍ക്ക് മണ്ഡലാടിസ്ഥാനത്തിലെ വോട്ടുനിലയില്‍ വലിയ വ്യത്യാസമാണ് നേരിട്ടത്. ഇടതുപക്ഷം വിജയിച്ച നാലുമണ്ഡലങ്ങളില്‍ പൊന്നാനിയില്‍മാത്രമാണ് ഭൂരിപക്ഷം കൂട്ടാനായത്. യു.ഡി.എഫിന് ഏഴുമണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടാന്‍ കഴിഞ്ഞു. അതേസമയം അഞ്ചിടങ്ങളില്‍ കുറയുകയുംചെയ്തു.

താനൂരില്‍ കഴിഞ്ഞതവണ 4,918 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന വി. അബ്ദുറഹ്‌മാന്റെ ഭൂരിപക്ഷം 985 ആയി കുറഞ്ഞു. 2016-ല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കെ.ടി. ജലീലിന് വോട്ട് ഭൂരിപക്ഷം 3,066-ലേക്കാണ് കുറഞ്ഞത്.

നിലമ്പൂരില്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന പി.വി. അന്‍വറിന്റെ ഇത്തവണത്തെ ജയം 2,794-ലേക്കായി കുറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പിനുമുന്‍പ് ഏറെ വിവാദങ്ങള്‍ നിറഞ്ഞ പൊന്നാനിമണ്ഡലത്തില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷംകൂടി.

കഴിഞ്ഞതവണ പി. ശ്രീരാമകൃഷ്ണന് 15,640 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ ഭൂരിപക്ഷം 1,403 ഉയര്‍ന്ന് 17,043-ലെത്തി.

യു.ഡി.എഫിന്റെ കാര്യത്തിലും സാഹചര്യം സമാനമാണ്. കഴിഞ്ഞതവണ പെരിന്തല്‍മണ്ണയില്‍ 579 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച യു.ഡി.എഫ്. ഇത്തവണ 38 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കു കുറഞ്ഞു. മഞ്ചേരി മണ്ഡലത്തിലും വോട്ടുനില കുറഞ്ഞിട്ടുണ്ട്. 19,616 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ 14,573 ആയി. വേങ്ങരയില്‍ 38,057 വോട്ടുണ്ടായിരുന്ന ലീഗിന് ഇത്തവണ 30,522 ലേക്കായി.

മലപ്പുറംമണ്ഡലത്തിലും നേരിയ വ്യത്യാസമുണ്ട്. 2016-ല്‍ 35,672 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ 35,208 ആയി. വണ്ടൂരില്‍ എ.പി. അനില്‍കുമാറിന് 2016-ല്‍ 23,864 വോട്ടിന്റെ ലീഡുണ്ടായിരുന്ന സ്ഥാനത്ത് 15563 ആയി കുറഞ്ഞു. 8301 വോട്ടിന്റെ കുറവ്.

എന്നാല്‍ കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷമുള്ള വള്ളിക്കുന്ന്, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, ഏറനാട്, മങ്കട, കൊണ്ടോട്ടി, തിരൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ ലീഗിന് ഭൂരിപക്ഷത്തില്‍ വര്‍ധനവുണ്ട്. വള്ളിക്കുന്ന് 12,610 ഉണ്ടായിരുന്നത് 1,506 വര്‍ധിച്ച് 14,116-ലെത്തി. കോട്ടയ്ക്കലില്‍ 2016-ല്‍ 15,042 എന്നതില്‍നിന്ന് 16,588- ലെത്തി. ഏറനാട് 12,893 ഭൂരിപക്ഷത്തില്‍ നിന്ന് 22,546, തിരൂരങ്ങാടിയില്‍ 6,043-ല്‍ നിന്ന് 9,420, മങ്കട 1,508-ല്‍ നിന്ന് 6,246ലേക്കും ലീഡ് നില ഉയര്‍ന്നിട്ടുണ്ട്. കൊണ്ടോട്ടിയില്‍ 10,654-ല്‍ നിന്ന് 17,713 ആയി ഉയര്‍ന്നു. തിരൂരിലും ഭൂരിപക്ഷംകൂടി. 7061 എന്നത് 7214 ആയി മാറി.

എന്‍.ഡി.എ.യ്ക്ക് 10 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞു

എന്‍.ഡി.എയ്ക്ക് പൊന്നാനി, തവനൂര്‍, കോട്ടയ്ക്കല്‍, താനൂര്‍, വേങ്ങര, വള്ളിക്കുന്ന്, മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വോട്ടുനിലയില്‍ കുറവുണ്ടായി. ഇതില്‍ പൊന്നാനിയിലും തവനൂരിലുമാണ് കൂടുതല്‍ കുറവ്. തവനൂരില്‍ 2016-ല്‍ 15,801 എന്നതില്‍നിന്ന് 9,914-ലേക്ക്, പൊന്നാനി 11,653-ല്‍ നിന്ന് 7419, കോട്ടയ്ക്കലില്‍ 13,205-ല്‍ നിന്ന് 10,796, താനൂരില്‍ 11051-ല്‍ നിന്ന് 10,590, വേങ്ങര 7055-ല്‍ നിന്ന് 5,932, വള്ളിക്കുന്ന് 22,887-ല്‍ നിന്ന് 19,853, മലപ്പുറം 7,211-ല്‍ നിന്ന് 5,883, വണ്ടൂര്‍ 9471-ല്‍നിന്ന് 7057, കൊണ്ടോട്ടി 12513-ല്‍ നിന്ന് 10,723 എന്ന നിലയിലേക്ക് വോട്ടുകള്‍ കുറഞ്ഞു.

മങ്കടയില്‍ കഴിഞ്ഞതവണത്തേതു പോലെയാണ് ഇത്തവണയും. 6,641 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.

പെരിന്തല്‍മണ്ണ, ഏറനാട്, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കൂടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ 5,917-ല്‍ നിന്ന് 8,021-ലേക്കും ഏറനാട് 6,055-ല്‍ നിന്ന് 6,683-ലേക്കും ഉയര്‍ന്നു. തിരൂരങ്ങാടി 8,046-ല്‍ നിന്ന് 8,128, തിരൂര്‍ 9,083-ല്‍ നിന്ന് 9,097 എന്നിങ്ങനെയാണ് വോട്ടുനില.

 


മലപ്പുറത്തെ കക്ഷിനില

മുസ്ലിംലീഗ്- 11 (കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി, ഏറനാട്, മങ്കട, പെരിന്തല്‍മണ്ണ, വേങ്ങര, കൊണ്ടോട്ടി, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍)

കോണ്‍ഗ്രസ് -1 (വണ്ടൂര്‍)

സി.പി.എം - 1 (പൊന്നാനി)

സി.പി.എം. സ്വത-3 (താനൂര്‍, തവനൂര്‍, നിലമ്പൂര്‍)

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില

അബ്ദുസമ്മദ് സമദാനി (യു.ഡി.എഫ്) - 5,38,248

വി.പി. സാനു (എല്‍.ഡി.എഫ്) - 4,23,633

എ.പി. അബ്ദുള്ളക്കുട്ടി (എന്‍.ഡി.എ) - 68935

ഡോ. തസ്ലിം റഹ്‌മാനി (എസ്.ഡി.പി.ഐ) - 46758

യൂനുസ് സലീം (സ്വത) - 7044

അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ (സ്വത) - 10479

ഭൂരിപക്ഷം - 1,14,61