നിലമ്പൂര്‍: ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വറിന് നിലമ്പൂരില്‍ ജയം. അന്തരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വി. പ്രകാശിനെതിരെ 2,794 വോട്ടുകള്‍ക്കാണ് അന്‍വറിന് ജയിക്കാനായത്. വോട്ടെണ്ണലില്‍ പ്രകാശിന്റെ അസാന്നിധ്യം നോവായി മാറി. മണ്ഡലത്തില്‍ കനത്ത പോരാട്ടം നടത്തിയാണ് വി.വി. പ്രകാശ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. 2016-ല്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന അന്‍വറിന് ഇത്തവണ 2,794 വോട്ടുകള്‍ക്ക് മാത്രമാണ് ജയിക്കാനായത്.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് നിലമ്പൂരിനെ വിശേഷിപ്പിച്ചുവരുമ്പോഴാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായ പി.വി. അന്‍വര്‍ യു.ഡി.എഫില്‍നിന്ന് നിലമ്പൂര്‍ പിടിച്ചെടുക്കുന്നത്. 30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് അന്‍വര്‍ പിടിച്ചെടുത്തത്. 

മണ്ഡലം രൂപവത്കരിച്ചതിനുശേഷം 1965ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് 1967ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചതെങ്കിലും പിന്നീട് ദീര്‍ഘകാലം യു.ഡി.എഫിന്റെ കൈയിലായിരുന്നു നിലമ്പൂര്‍ മണ്ഡലം.

1980-ല്‍ ഇടതുപക്ഷത്തോടൊപ്പം നിന്നാണ് ആര്യാടന്‍ വിജയിച്ച് മന്ത്രിയായത്. എന്നാല്‍ 1982-ല്‍ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ഉറച്ചുനിന്ന എ വിഭാഗത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ആര്യാടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചുപോയ ടി.കെ. ഹംസക്കുമുമ്പില്‍ അടിപതറി. 1987 മുതല്‍ മണ്ഡലത്തില്‍നിന്ന് യു.ഡി.എഫിന്റെ ബാനറില്‍ ആര്യാടന്‍ മുഹമ്മദ് തന്നെയാണ് വിജയിച്ചുപോന്നത്.

ഇത്തവണ അന്‍വറില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യത്തില്‍ പ്രകാശിനൊപ്പം ആര്യാടന്‍ ഷൗക്കത്തും ശ്രമിച്ചിരുന്നു. ഒടുവില്‍ പാര്‍ട്ടിയുടെ നറുക്ക് വീണത് പ്രകാശിനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കാത്തുനില്‍ക്കെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ വി.വി.പ്രകാശ് മരിക്കയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.