മലപ്പുറം: ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയം കലങ്ങിമറിയുമെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റും മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ എ.പി. അബ്ദുള്ളക്കുട്ടി. മലപ്പുറം പ്രസ് ക്‌ളബ്ബിന്റെ 'സഭാങ്കം 2021' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കേരളം മോദിക്കൊപ്പം എന്നതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കാന്‍ പോകുന്നത്. മലപ്പുറത്ത് ലോക്സഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനാവശ്യമായി അടിച്ചേല്‍പ്പിച്ചതാണ്. പക്ഷേ, അതിനെ സുവര്‍ണാവസരമായാണ് കാണുന്നത്. സാധാരണയായി നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കാര്യങ്ങളാണ് ചര്‍ച്ചചെയ്യപ്പെടാറ്്. ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കൈവന്നിരിക്കുന്നു. മലപ്പുറത്ത് അണികളും നേതാക്കളും ഒരുപോലെ ആവേശത്തിലാണ് .

നേരത്തേ ബി.ജെ.പിക്ക് വോട്ടുനല്‍കിയിട്ട് എന്തുകാര്യം എന്നു ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇത്തവണ അത്തരം ചോദ്യം ഉയരുന്നില്ല. യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി ഭരിക്കുന്ന അവസ്ഥയ്ക്ക് അന്ത്യംവരികയാണ്. ഒരുപാട് കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുക്കും.

ഇന്ന് കേരളത്തില്‍ എവിടെനോക്കിയാലും ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ചാവിഷയമാണ്. വിമര്‍ശനമാണെങ്കിലും പിന്തുണയാണെങ്കിലും രാഷ്ട്രീയമേഖലകളില്‍ ബി.ജെ.പി. മുഖ്യ വിഷയമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച അര്‍ബുദചികിത്സയ്ക്കുള്ള ആശുപത്രി സ്ഥാപിക്കുമെന്ന് ഇപ്പോഴാണ് പറയുന്നത്. ഇത്രയുംകാലം അദ്ദേഹം ഇക്കാര്യം പറഞ്ഞില്ലല്ലോ. മഞ്ചേരിയിലെ മെഡിക്കല്‍കോളേജിന്റെ അവസ്ഥ എന്താണ്. മഞ്ചേരിയിലെ സ്റ്റേഡിയം കാടുപിടിച്ചു കിടക്കുകയല്ലേ. ഏഷ്യയിലെ ഏറ്റവുംവലിയ ഫുട്ബോള്‍, ക്രിക്കറ്റ് സ്റ്റേഡിയമുള്ളത് അഹമ്മദാബാദിലാണ്. ഒന്നരലക്ഷംപേര്‍ക്കിരുന്നു കളികാണാം. മലപ്പുറത്ത് മേല്‍പ്പാലങ്ങള്‍ വേണ്ടേ? പിണറായി വിജയന്‍ കിറ്റുവിതരണത്തെക്കുറിച്ച് പറയുന്നു. ജനങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെന്നുള്ളതാണ് അതിന്റെ മറുവശം. കിറ്റിലെ പലവ്യഞ്ജനങ്ങള്‍ കേന്ദ്ര ഫണ്ടില്‍നിന്നുള്ള പണമുപയോഗിച്ചാണ് വാങ്ങിയത്. സഞ്ചി വാങ്ങാനുള്ള തുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേതായുള്ളത്.

തലശ്ശേരിയടക്കം മൂന്നിടത്ത് ബി.ജെ.പി. പത്രിക തള്ളിപ്പോയി. ഇത് ഏതെങ്കിലും സ്ഥാനാര്‍ഥികളെ സഹായിക്കാനുദ്ദേശിച്ചാണോ. ഇവിടങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളെപ്പോലും നിര്‍ത്തിയില്ലല്ലോ?

പത്രിക തള്ളിപ്പോയത് ഗുരുതരമായ വിഷയമാണ്. ഇവിടങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളില്ലാതെ പോയത് എങ്ങനെയെന്നും പാര്‍ട്ടി അന്വേഷിക്കും. ഇതിനെ അതി ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നു. പാര്‍ട്ടിക്ക് എത്ര സീറ്റുലഭിക്കും?

ബി.ജെ.പി 30000-ത്തിനും 40000-ത്തിനും ഇടയ്ക്ക് വോട്ടുനേടിയ നാല്‍പ്പതോളം മണ്ഡലങ്ങളുണ്ട്. ഇവിടങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടക്കും. രണ്ടു മുന്നണികളെയും ഇവിടെ പാര്‍ട്ടി വെള്ളം കുടിപ്പിക്കും. ഈ തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ രണ്ടു മുന്നണികളിലും വലിയ മാറ്റമുണ്ടാകും. പല നേതാക്കളും ബി.ജെ.പിയിലെത്തും. കോണ്‍ഗ്രസ്സിലെ കെ. സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ ഇരു കൈയുംകൂട്ടി സ്വീകരിക്കും. അണികള്‍ മാത്രമല്ല നേതാക്കളെയും മറ്റു പാര്‍ട്ടികളില്‍നിന്ന് പാര്‍ട്ടിക്ക് ആവശ്യമുണ്ട്.

കെ. മുരളീധരനാണല്ലോ നേമത്ത് കുമ്മനം രാജശേഖരനെ നേരിടുന്നത്?

രാവിലെ വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍തന്നെ മുരളീധരന്‍ തോല്‍ക്കും. നേമം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ ഒന്നാമന്‍ എന്നാണ് മുരളീധരന്‍ പറഞ്ഞത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകളാണ് കേരളത്തിലുള്ളത്. ഇനി മൂന്നാമതൊരു ഗ്രൂപ്പ് വരുന്നതിന് ഇടകൊടുക്കാതെ ഉമ്മന്‍ചാണ്ടിതന്നെ മുരളീധരനെ തോല്‍പ്പിക്കും. കുമ്മനത്തെപ്പോലെ നിസ്വാര്‍ത്ഥനായ ഒരു നേതാവിനെ നേമത്തെ ജനങ്ങള്‍ ജയിപ്പിക്കുകതന്നെ ചെയ്യും.

പാലക്കാട്ടെ സ്ഥാനാര്‍ഥി ഇ. ശ്രീധരന്റെ കാലുകഴുകുന്ന ദൃശ്യം കാണുകയുണ്ടായി. വടക്കേ ഇന്ത്യയെപ്പോലെ ഉച്ചനീചത്വ സംസ്‌കാരം കേരളത്തിലും നടപ്പാക്കാനാണോ ശ്രമിക്കുന്നത്?

കാലുകഴുകുന്നതെല്ലാം ഒരു ആചാരത്തിന്റെ ഭാഗമായാണ് കാണേണ്ടത്. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ ഒരു വനിതാ ശുചീകരണത്തൊഴിലാളിയുടെ കാലുകഴുകിയില്ലേ. വടക്കോട്ട് മുസ്ലിങ്ങള്‍ക്കിടയിലും കല്യാണച്ചെക്കന് ഇത്തരം ആചാരം ചെയ്യാറുണ്ട്.

അധികാരത്തില്‍നിന്ന് ഏറെ അകലെയായിട്ടും ബി.ജെ.പിയില്‍ പൊരിഞ്ഞ അടിയാണല്ലോ. അധികാരത്തോട് കുറേക്കൂടി അടുത്താല്‍ എന്താകും സ്ഥിതി?

ബി.ജെ.പി. അച്ചടക്കമുള്ള പാര്‍ട്ടിയാണ്. സി.പി.എമ്മില്‍ അച്യുതാനന്ദന്‍, പിണറായി പോര് നടന്നതുപോലെയൊന്നും ബി.ജെ.പിയില്‍ സംഭവിക്കില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. പുറത്ത് കേള്‍ക്കുന്നതുപോലെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ക്കിടയില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല.

ബി.ജെ.പി. മീഡിയാകണ്‍വീനര്‍ മഠത്തില്‍ രവി, പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം. റിയാസ്, വൈസ് പ്രസിഡന്റ് പി.വി. സന്ദീപ് എന്നിവരും പങ്കെടുത്തു.