വളാഞ്ചേരി: ത്രിപുരമോഡല്‍ മാറ്റത്തിന് ബംഗാളിലെയും കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയവക്താവുമായ സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. കോട്ടയ്ക്കല്‍ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.പി. ഗണേശന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വളാഞ്ചേരി നഗരത്തില്‍ സംഘടിപ്പിച്ച റോഡ്ഷോയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ അടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്ന ത്രിപുരയില്‍ ഭരണംപിടിക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചതിനാലാണ്. കേരളത്തില്‍ ഒരു താമര നിലവില്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പോടെ ഏറെ താമരകളാണ് വിരിയാന്‍ തയ്യാറായി നില്‍ക്കുന്നത്. ത്രിപുരയിലുണ്ടായതുപോലെ ബംഗാളിലും കേരളത്തിലും ഭരണമാറ്റമുണ്ടാവാന്‍ അതാതിടങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുകയാണ്. സംസ്ഥാനത്തെ വോട്ടര്‍മാരുടെ ഈ മോഹം രണ്ടിടങ്ങളിലും എന്‍.ഡി.എയെ അധികാരത്തിലെത്തിക്കുമെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

രാവിലെ പതിനൊന്നിന് വളാഞ്ചേരിയിലെത്തിയ ഷാനവാസ് ഹുസൈനെ ജില്ലാ, മണ്ഡലം നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനാര്‍ഥി പി.പി. ഗണേശനോടൊപ്പം ആദ്യം പദയാത്രയായും പിന്നീട് തുറന്ന വാഹനത്തിലുമായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ റോഡ്ഷോ.