കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സമാനമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം തന്നെയായിരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടി എന്‍.വേണു. കഴിഞ്ഞ തവണത്തേ പോലെ പ്രത്യേകം സ്ഥാനാര്‍ഥികള്‍ ആര്‍.എം.പിക്കുണ്ടാവില്ല. യു.ഡി.എഫ് പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അങ്ങനെയങ്കില്‍ വടകരയില്‍ വിജയം സുനിശ്ചിതമാണെന്നും എന്‍.വേണു മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു.
വടകരയില്‍ മാത്രം 20,000 കേഡര്‍ വോട്ടുകള്‍ ആര്‍.എം.പിക്കുണ്ട്. മാത്രമല്ല വിജയിക്കുമെന്ന സാഹചര്യമുണ്ടായാല്‍ സി.പി.എം വോട്ടുകളുടക്കം തങ്ങള്‍ക്ക് ലഭിക്കുമെന്നും എന്‍.വേണു പറഞ്ഞു. താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. എങ്കിലും വടകരയില്‍ വിജയം പിടിച്ചെടുക്കാനാവുന്ന തരത്തിലുള്ള ശക്തമായ സ്ഥാനാര്‍ഥി തന്നെയുണ്ടാവുമെന്നും എന്‍.വേണു പറഞ്ഞു.
എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന എല്‍.ജെ.ഡി ഇത്തവണ എല്‍ഡിഎഫിനൊപ്പമാണെങ്കിലും ആര്‍.എം.പി യു.ഡി.എഫിനൊപ്പം ചേരുമ്പോള്‍ അവരുടെ വിടവ് മുന്നണിക്കുണ്ടാവില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടകരയ്ക്ക് പുറമെ ജില്ലയില്‍ കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം മണ്ഡലങ്ങളിലെല്ലാം ആര്‍.എം.പിക്ക് കൃത്യമായ വോട്ടുകളുണ്ട്. നിര്‍ണായക ശക്തിയാവാന്‍ സാധിക്കുമെന്നും എന്‍.വേണു ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയായിരുന്നു വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 20504 വോട്ട് പിടിച്ച് കെ.കെ രമ അന്ന് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 9511 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.കെ നാണുവായിരുന്നു അന്ന് വിജയിച്ചത്.