കോഴിക്കോട്:  കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം രണ്ട് പതിറ്റാണ്ടോളമായുള്ള നാണക്കേടായായിരുന്നു സ്വന്തമായി ഒരു എം.എല്‍.എയെ ജില്ലയില്‍ നിന്നും നിയമസഭയിലേക്കയക്കാനായില്ല എന്നത്. 
ഇത്തവണ അതിനൊരു മാറ്റമുണ്ടാക്കണമെന്ന ഉറച്ച തീരുമാനമെടുത്ത് വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി പോലെയുള്ള ഏറെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലങ്ങള്‍ ജയിച്ച് കയറാനുള്ള പതിനെട്ടടവും പയറ്റുകയും ചെയ്തു. പലയിടത്തും രാഹുല്‍ ഗാന്ധി തന്നെ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാഴ്ചയും കാണാനായി. പക്ഷെ ഫലം വന്നപ്പോള്‍ ജില്ലയില്‍ നിന്ന് തൂത്തെറിയപ്പെട്ടത് കോണ്‍ഗ്രസിനൊപ്പം ലീഗ് കൂടിയാണ്. ആകെയുള്ള 13 സീറ്റില്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങള്‍ ഇത്തവണ ലീഗിനേയും യു.ഡി.എഫിനേയും കൈവിട്ടു. കൊടുവള്ളി പിടിച്ചെടുത്തത് മാത്രമാണ് ഏക ആശ്വാസം.  

കൊയിലാണ്ടിയും, കോഴിക്കോട് നോര്‍ത്തും കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചപ്പോള്‍ കുറ്റ്യാടി, കോഴിക്കോട്  സൗത്ത്, തിരുവമ്പാടി, കൊടുവള്ളി പോലുള്ള മണ്ഡലങ്ങളിലായിരുന്നു ലീഗിന് ഒരു സംശയവുമില്ലാതിരുന്നത്. പക്ഷെ സിറ്റിങ്  സീറ്റടക്കം അടിയറ വേക്കേണ്ട ഗതികേടാണ് ലീഗിനുണ്ടായത്. എം.കെ മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരത്തിനിറങ്ങിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു പ്രതിഷേധ സ്വരങ്ങള്‍. പക്ഷെ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും മണ്ഡലം കൈവിട്ടു. ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായ അഹമ്മദ്  ദേവര്‍കോവിലിന് ഇവിടെ വിജയം 12459 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. നൂര്‍ബിനയ്ക്ക് ലഭിച്ചത് 40098 വോട്ട്. 

സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടങ്ങളിലടക്കം സി.പി.എമ്മിനുള്ളിലുണ്ടായ പരസ്യ പ്രതിഷേധങ്ങള്‍ തങ്ങള്‍ക്ക് കുറ്റ്യാടിയില്‍ ഗുണകരമാവുമെന്നായിരുന്നു യു.ഡി.എഫ് കരുതിയത്. എന്നാല്‍ പിടിച്ച് വാങ്ങിയ സീറ്റ് ജയിപ്പിച്ച് കൊടുത്ത് തങ്ങളുടെ ഉത്തരവാദിത്വം തെളിയിച്ച് കൊടുത്തു കുറ്റ്യാടിയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍ വിജയിച്ചത് 333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. പാറക്കല്‍ അബ്ദുള്ളയ്ക്ക് ലഭിച്ചത് 79810 വോട്ട്.
2016-ല്‍ കൊയിലാണ്ടിയില്‍ നിന്ന് പരാജയപ്പെട്ട എന്‍.സുബ്രഹ്മണ്യന്‍, നാദാപുരത്ത് നിന്ന് പരാജയപ്പെട്ട എ.പ്രവീണ്‍കുമാര്‍ എന്നിവര്‍ പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് തന്നെയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തേയും  പ്രവര്‍ത്തനം. ഇത് ഈ തിരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടു തന്നെയായിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ ഇവര്‍ക്കാര്‍ക്കുമായില്ല എന്നതാണ് യാഥാര്‍ഥ്യം.   

തീരദേശ വോട്ടുകള്‍ ഏറെയുള്ള കോഴിക്കോട്ട് ആഴക്കടല്‍ മത്സ്യ ബന്ധന വിഷയമടക്കം വലിയ രീതിയില്‍  ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചെങ്കിലും ഒന്നും ഗുണം ചെയ്തില്ല. 2001-ല്‍ കൊയിലാണ്ടിയില്‍ നിന്നും വിജയിച്ച പി.ശങ്കരനാണ് അവസാനമായി കോഴിക്കോട് ജില്ലയില്‍ നിന്നും നിയമസഭയിലെത്തിയ ഏക കോണ്‍ഗ്രസ് നേതാവ്.