കോഴിക്കോട്: എന്നും കോഴിക്കോട് ജില്ലയില്‍ ഇടതിന്റെ ഉറച്ച കോട്ടകളിലൊന്നായിരുന്നു ബാലുശ്ശേരി മണ്ഡലം. രൂപീകരണ കാലം  മുതല്‍ ഇടതിനെയല്ലാതെ സ്വീകരിച്ചിട്ടില്ലാത്ത മണ്ഡലം. ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനെത്തിയതോടെ മണ്ഡലത്തന് താരപരിവേഷം ലഭിച്ചെങ്കിലും ബാലുശ്ശേരിയുടെ ചുവപ്പ് മാറ്റാന്‍ ധര്‍മജനും സാധിച്ചില്ല. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പദത്തില്‍  നിന്ന് എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ സച്ചിന്‍ ദേവെന്ന യുവ നേതാവിന് ഇത്തവണ ബാലുശ്ശേരി ആധികാരിക വിജയം സമ്മാനിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ച സമയം  മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തി പോന്ന സച്ചിന്‍ ദേവ് ആശങ്കയ്ക്ക് വകയൊന്നിമില്ലാതെയായിരുന്നു നിയമസഭയിലേക്ക് ജയിച്ച് കയറിയത്.  

ഇടതുമണ്ഡലമായിരുന്നുവെങ്കിലും പട്ടികജാതി സംവരണത്തിലേക്കുവന്ന മണ്ഡലത്തെ എന്‍.സി.പി.യില്‍നിന്ന് സി.പി.എം. ഏറ്റെടുക്കുന്നതും ആദ്യമായി സി.പി.എമ്മിന് ബാലുശ്ശേരിയില്‍ ഒരു എം.എല്‍.എ. ഉണ്ടാവുന്നതും 2011-ലാണ്. 2011-ലും '16-ലും പുരുഷന്‍ കടലുണ്ടി ഇടതുപക്ഷസ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. ഇത്തവണ സച്ചിന്‍ ദേവും സി.പി.എം. ടിക്കറ്റില്‍ നിയമസഭയിലേക്കെത്തുമ്പോള്‍ യുവത്വത്തെ അപ്പാടെ ഏറ്റെടുക്കുകയായിരുന്നു ബാലുശ്ശേരി. വോട്ടെണ്ണല്‍ പകുതിയിലേറെയും പിന്നിടുമ്പോള്‍ സച്ചിന്‍ ദേവിന്റെ ലീഡ് എട്ടായിരം കടന്നിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലടക്കം എം.കെ. രാഘവന്‍ നേടിയ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയപ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ കാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം പ്രചാരണ രംഗത്ത് സജീവമായത്. പക്ഷെ ലോക്‌സഭാ വോട്ടുകള്‍ നിയമസഭയില്‍ യു.ഡി.എഫിനെ കാത്തില്ല. 

2016-ല്‍ ബാലുശ്ശേരിയില്‍ നിന്ന്  വിജയിച്ച പുരുഷന്‍ കടലുണ്ടിക്ക് 82914 വോട്ടായിരുന്നു ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന യു.സി. രാമന് 67450 വോട്ടും, എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.കെ സുപ്രന് 19324 വോട്ടും ലഭിച്ചു.