കോഴിക്കോട്: സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായിരിക്കേ കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിക്കാന്‍ ജില്ലാ സെക്രട്ടി പി.മോഹനെ തന്നെ രംഗത്തിറക്കുമോ എന്ന ചര്‍ച്ചകളാണ് കോഴിക്കോട്ടെ രാഷ്ട്രീയ കേന്ദ്രങ്ങളിലുള്ളത്. കഴിഞ്ഞ തവണ മുസ്ലീംലീഗിന്റെ പാറക്കല്‍ അബ്ദുള്ളയോട് തോറ്റ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പോരാട്ടത്തിനാണ് സി.പി.എം ശ്രമം. ഇതിന് പി.മോഹനന് കുറ്റ്യാടിയിലുള്ള വ്യക്തിബന്ധം ഗുണകരമാവുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.
പി.മോഹനന്റെ ഭാര്യയും കുറ്റ്യാടിയുടെ പ്രഥമ എം.എല്‍.എയുമായ കെ.കെ ലതിക പാറക്കല്‍ അബ്ദുള്ളയോട് 1901 എന്ന ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. പാറക്കല്‍ അബ്ദുള്ളയ്ക്ക് 71809 വോട്ടും കെ.കെ ലതികയ്ക്ക് 70652 വോട്ടുമായിരുന്നു മണ്ഡലത്തില്‍ ലഭിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്ന ലതിക ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഇതിനിടെ ഇത്തവണയും മണ്ഡലത്തില്‍ താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് പാറക്കല്‍ അബ്ദുള്ള മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മണ്ഡലത്തില്‍ എം.എല്‍.എ സജീവമായിട്ടുമുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ആര് വന്നാലും വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് ലീഗ്.
പി.മോഹനന് പിറമെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കുറ്റ്യാടിക്കാര്‍ക്ക് ഏറെ ജനകീയനായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മണ്ഡലത്തില്‍ എത്തിയാല്‍ മുസ്ലീം വോട്ടുകള്‍ വിജയം നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ വിജയിച്ചുകയറാമെന്നാണ് സി.പി.എം പ്രതീക്ഷ. നിലവില്‍ ജില്ലാ സെക്രട്ടറിയായ പി.മോഹനന്‍ മത്സര രംഗത്തേക്കെത്തുകയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.പ്രദീപ് കുമാര്‍ എം.എല്‍.എയെ ആയിരിക്കും പരിഗണിക്കുക. കോഴിക്കോട് നോര്‍ത്തില്‍ നിന്നുള്ള എ.പ്രദീപ് കുമാര്‍ ഇത്തവണ മത്സരിച്ചേക്കില്ല.
നേരത്തേ മേപ്പയ്യൂര്‍ മണ്ഡലത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുറ്റ്യാടി മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കടുത്ത മത്സരം നടന്ന 2011-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ മണ്ഡലം അതിന്റെ ഇടതുസ്വഭാവം കാണിച്ചിരുന്നു. എന്നാല്‍, പഴയ മേപ്പയ്യൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന ഇടതുസ്വാധീനം കുറ്റ്യാടിയില്‍ ഇല്ലെന്ന് ബോധ്യമായ തിരഞ്ഞെടുപ്പായിരുന്നു അത്.
സി.പി.എമ്മിലെ കെ.കെ. ലതിക 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011-ല്‍ മുസ്ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയത്. മണ്ഡലവിഭജനത്തോടെ യു.ഡി.എഫിന് സ്വാധീനമുള്ള ചില പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതിനാലാണ് സൂപ്പിക്ക് അന്ന് മികച്ച മത്സരം കാഴ്ചവെക്കാനായത്. 2016 ല്‍ മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞു. ഇത് ഇത്തവണയും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ഇടതുപക്ഷത്തേക്ക് വന്ന ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് മലബാറില്‍ ഒരു സീറ്റ് നല്‍കും. ഇതിനായി പരിഗണിക്കുന്ന സീറ്റുകളില്‍ ഒന്ന് കുറ്റ്യാടിയാണ്. യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ച സീറ്റ് പേരാമ്പ്രയാണ്. അവിടെ മുഹമ്മദ് ഇക്ബാല്‍ മികച്ച പോരാട്ടവും കാഴ്ചവച്ചു. പക്ഷേ മന്ത്രി ടി.പി രാമകൃഷ്ണന് തന്നെ വീണ്ടും അവിടെ അവസരം നല്‍കുകയാണെങ്കില്‍ കുറ്റ്യാടി, തിരുവമ്പാടി സീറ്റുകളില്‍ ഒന്നാകും കേരള കോണ്‍ഗ്രസിന് നല്‍കുക.
തിരുവമ്പാടിയും പേരാമ്പ്രയും സിറ്റിങ് സീറ്റായതിനാല്‍ കുറ്റ്യാടി വിട്ടുനല്‍കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുഹമ്മദ് ഇക്ബാലോ പി.ടി ജോസോ വരും