കോഴിക്കോട്: ഇടത് സ്വതന്ത്രനായി കൊടുവളളിയിൽ വീണ്ടും മത്സരിക്കുമെന്ന് കാരാട്ട് റസാഖ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച് നിയമസഭയിലെത്തിയ എം.എൽ.എ.യാണ് കാരാട്ട് റസാഖ്.
ലീഗിന്റെ കോട്ട അട്ടിമറിച്ചാണ് 2016-ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് റസാഖ് ജയിച്ചുകയറിയത്. ഇത്തവണ എതിരാളി ആരായാലും പ്രശ്നമില്ലെന്നും നല്ല ആത്മവിശ്വാസത്തിലാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഇടതുപക്ഷത്തിന്റെ ബന്ധപ്പെട്ട ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് ഇത്തവണയും മത്സരിക്കുകയാണെങ്കിൽ ഒരുപാട് പിന്തുണയും തേടേണ്ടതുണ്ട്. അതിനുവേണ്ടിയുളള ആശയവിനിമയം നടത്തിവരികയാണ്. പിന്തുണ വീണ്ടും ലഭിക്കുകയാണെങ്കിൽ വീണ്ടും മത്സരിക്കണമെന്നാണ് ആഗ്രഹം.-അദ്ദേഹം പറഞ്ഞു.
ആര് മത്സരിക്കാൻ വന്നാലും വളരെ എളുപ്പത്തിൽ മത്സരിച്ച് പോകാവുന്ന സാഹചര്യമില്ല നിലവിലുളളതെന്ന് എം.കെ.മുനീർ കൊടുവളളിയിൽ മത്സരിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ചൂണ്ടിക്കാണിക്കാൻ നേട്ടങ്ങളോ വികസനപ്രവർത്തനങ്ങളോ ഉണ്ടായിരുന്നില്ല.എന്നാൽ ഇത്തവണ കൊടുവളളി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയിട്ടുളള വികസനങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീംലീഗിന്റെ പഴയ സ്ഥാനാർഥികൾ വന്നാൽ ഭയപ്പടേണ്ട സാഹചര്യം നിലവിൽ ഇല്ല.' റസാഖ് പറയുന്നു
Content HighlightsKarat Razak to contest in Kerala Assembly election 2021 from Koduvally