കോഴിക്കോട്: എന്‍.സി.പിയിലെ രാഷ്ട്രീയചാഞ്ചാട്ടത്തിന് ഇനിയും വ്യക്തത വന്നില്ലെങ്കിലും അനുകൂലസാഹചര്യം മുതലെടുക്കാന്‍ യു.ഡി.എഫ്. കരുനീക്കം തുടങ്ങി. എന്‍.സി.പി. യു.ഡി.എഫിലെത്തിയാല്‍ എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ എന്‍.സി.പി. സംസ്ഥാന ജനറല്‍സെക്രട്ടറി എം. ആലിക്കോയയെ ഇറക്കാന്‍ യു.ഡി.എഫില്‍ ആലോചന.
കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഈ സൂചനനല്‍കി. വര്‍ഷങ്ങളായി എന്‍.സി.പിയില്‍ ശശീന്ദ്രനുമായി ഇടഞ്ഞുനില്‍ക്കുന്ന ആലിക്കോയ, മാണി സി. കാപ്പനോടൊപ്പം എല്‍.ഡി.എഫ്. വിടാന്‍ തയ്യാറുമാണ്. എന്നാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവാന്‍ തയ്യാറാണോയെന്ന കാര്യത്തില്‍ മനസ്സുതുറന്നിട്ടില്ല.
നേരത്തേ എ.സി. ഷണ്‍മുഖദാസ് തുടര്‍ച്ചയായി മത്സരിച്ചു ജയിച്ച ബാലുശ്ശേരി മണ്ഡലം സംവരണമണ്ഡലമായപ്പോഴാണ് എന്‍.സി.പിക്ക് എലത്തൂര്‍ നല്‍കിയത്. ആലിക്കോയയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്ന് എന്‍.സി.പിയില്‍ ആലോചനകളുണ്ടായെങ്കിലും പരിഗണിക്കപ്പെട്ടില്ല. കെ.പി.സി.സി. സെക്രട്ടറി കെ. ബാലകൃഷ്ണന്‍ കിടാവ്, നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി എന്നിവരെയും എലത്തൂരില്‍ പരിഗണിക്കുന്നുണ്ട്.
Content Highlights: Balakrishna kidavu, U V Dineshmani also in race