കുറ്റ്യാടി: കോഴിക്കോട് ജില്ല കൂടുതല്‍ ചുവന്നപ്പോള്‍ ഇത്തവണ സി.പി.എമ്മിന് ഏറെ മധുരമുള്ള വിജയം സമ്മാനിച്ചിരിക്കുന്നത് കുറ്റ്യാടി മണ്ഡലമാണ്. മുന്നണി തീരുമാനത്തിനെതിരേ പരസ്യമായി പ്രതിഷേധിച്ച് തെരുവിലിറങ്ങി അരിവാള്‍ ചുറ്റികയ്ക്കായി പോരാടി സീറ്റ്  നേടിയെടുത്ത് ഒടുവില്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം. 

വിജയത്തില്‍ കുറഞ്ഞ്  ഒന്നുമില്ലെന്ന കണക്ക് കൂട്ടലില്‍ കൈമെയ് മറന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റ്യാടിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കെ.പി കുഞ്ഞമ്മദ് കുട്ടിയെന്ന സി.പി.എം സ്ഥാനാര്‍ഥിക്ക് ഫലം  വന്നപ്പോള്‍ യു.ഡി.എഫിന്റെ  പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരെ 333 വോട്ടിന്റെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത 1,70,002 വോട്ടില്‍ 80,143 വോട്ടാണ് കെ.പി കുഞ്ഞമ്മദ് കുട്ടിക്ക് ലഭിച്ചത്. 79,810 വോട്ട് നേടി പാറക്കല്‍ അബ്ദുള്ള രണ്ടാം സ്ഥാനത്തും, 9,139 വോട്ട് നേടി പി പി മുരളി മാസ്റ്റര്‍ (ബിജെപി) മൂന്നാമതുമെത്തി. 

ഇടതിന്റെ  ഉറച്ച കോട്ടയായ കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള 2016-ല്‍ അട്ടിമറി വിജയം നേടിയത് ഇടതുപക്ഷത്തെ ചെറുതായൊന്നുമല്ല ഉലച്ച് കളഞ്ഞത്. തുടര്‍ന്നായിരുന്നു എന്ത് വിലകൊടുത്തും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സി.പി.എം പോയത്. എന്നാല്‍ അവസാന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി മണ്ഡലം നല്‍കിയ മുന്നണി തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കായി വഴങ്ങേണ്ടിയും വന്നു സി.പി.എം നേതൃത്വത്തിന്.

2016-ല്‍ സി.പി.എമ്മിന്റെ കെ.കെ ലതികയ്‌ക്കെതിരെ 1157 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു പാറക്കല്‍ അബ്ദുള്ളയ്ക്ക് ലഭിച്ചത്. 71809 വോട്ട് പാറക്കല്‍ അബ്ദുള്ളയ്ക്കും 70652 വോട്ട് കെ.കെ ലതികയ്ക്കും ലഭിച്ചു. എന്‍.ഡി.എയുടെ 12327 വോട്ട് എന്‍.ഡി.എയുടെ രാമദാസ് മണലേരിക്കും ലഭിച്ചു. 2019 ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17892 വോട്ടിന്റെ ഭൂരിപക്ഷം കെ.മുരളീധരന് ലഭിച്ച മണ്ഡലമാണ് നിയമസഭാ തിരഞ്ഞെടുപ്പ്  വന്നപ്പോള്‍ യു.ഡി.എഫിനേയും ലീഗിനേയും  കൈവിട്ടത്.