കോഴിക്കോട്: മലബാറിന്റെ ഇടത് കോട്ടയെന്ന പേര് മാറ്റാന്‍ മനസ്സില്ലെന്ന് ഒരിക്കല്‍ കൂടെ ഉറപ്പിച്ചുപറഞ്ഞു കോഴിക്കോട്. ആകെയുള്ള 13 സീറ്റില്‍ 11 ഇടത്തും ആധികാരിക വിജയം സ്വന്തമാക്കിയാണ് തുടര്‍ഭരണത്തിലേക്ക് കോഴിക്കോട് ചേര്‍ന്ന് നില്‍ക്കുന്നത്. 2016-ല്‍ യു.ഡി.എഫിനൊപ്പം നിന്ന കോഴിക്കോട് സൗത്തും, കുറ്റ്യാടിയും ഇത്തവണ യു.ഡി.എഫിനേയും ലിഗീനേയും കൈവിട്ടതും ഇടതിന്റെ ഉറച്ച കോട്ടയായിരുന്ന വടകരയില്‍ യു.ഡി.എഫ്  ടിക്കറ്റില്‍ കെ.കെ രമ ജയിച്ചു കയറിയതും കോഴിക്കോടിനെ ശ്രദ്ധേയമാക്കി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ മിക്കയിടത്തും വ്യക്തമായ ലീഡ് നിലനിര്‍ത്തി ഇടതുപക്ഷം മുന്നേറിയപ്പോള്‍ വടകര മാത്രമായിരുന്നു അവര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. അവസാന ലാപ്പില്‍ കുറ്റ്യാടി കൂടി പിടിച്ചെടുക്കുകയും ചെയ്തു. 

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടാണ് വടകരയില്‍ കെ.കെ. രമ വിജയിച്ച് കയറിയത്. 7491 വോട്ടിന്റെ ഭൂരിപക്ഷണാണ് ഇവിടെ കെ.കെ  രമയ്ക്ക് ലഭിച്ചത്. ആകെ പോള്‍ ചെയ്ത 1,36,673 വോട്ടില്‍ 65,093 വോട്ടാണ് കെ.കെ രമയ്ക്ക് ലഭിച്ചത്. 57,602 വോട്ട് നേടി മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍) രണ്ടാം സ്ഥാനത്തെത്തി. അഡ്വ. എം.രാജേഷ് കുമാര്‍ (ബി.ജെ.പി) 10,225 വോട്ട് നേടി മൂന്നാം സ്ഥാനത്തുമാണ്.

യു.ഡി.എഫിന് ജില്ലയില്‍ കിട്ടിയ രണ്ടാമാത്തെ സീറ്റായ കൊടുവള്ളിയില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി വലിയ ഭൂരിപക്ഷം നേടിയാണ് എം.കെ  മുനീര്‍ മണ്ഡലം തിരിച്ച് പിടിച്ചത്. കഴിഞ്ഞ രണ്ട് തവണയായി ലീഗിന് നഷ്ടപ്പെട്ട മണ്ഡലം എം.കെ മുനീറിനെ ഇറക്കി പരീക്ഷിച്ചപ്പോള്‍ വിജയം 6344 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ആകെ പോള്‍ ചെയ്ത 1,51,154 വോട്ടില്‍ 72,336 വോട്ടാണ് മുനീറിന് ലഭിച്ചത്. കാരാട്ട് റസാഖ് (സ്വത) 65992 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ടി. ബാലസോമന്‍ (ബിജെപി) 9498 വോട്ടും നേടി.

ഇടതിന്റെ ഉറച്ചകോട്ടയായ എലത്തൂര്‍, ബേപ്പൂര്‍, ബാലുശ്ശേരി, പേരാമ്പ്ര, കോഴിക്കോട്  നോര്‍ത്ത്, തിരുവമ്പാടി, കൊയിലാണ്ടി, നാദാപുരം  എന്നിവിടങ്ങളിലെല്ലാം അവര്‍ക്ക് കൃത്യമായ ആധിപത്യം  നല്‍കിയാണ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കടന്ന് പോയത്. കുന്ദമംഗലത്ത് വോട്ടിംഗ് നില പലപ്പോഴും മാറി മറിഞ്ഞൂവെങ്കിലും അവസാന ഘട്ടത്തില്‍ ഇടതിനൊപ്പം തന്നെ നിന്നു.  

കോഴിക്കോട് നോര്‍ത്തില്‍ ത്രികോണ പോരാട്ടമടക്കം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും എന്‍.ഡി.എയ്ക്ക് ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. കഴിഞ്ഞ തവണത്തേതില്‍ നിന്നും ഭൂരിപക്ഷം കുറഞ്ഞെങ്കിലും 12,928 എന്ന ഭൂരിപക്ഷത്തിലേക്ക് വിജയമുറപ്പിക്കാന്‍ ഇടത് സ്ഥാനാര്‍ഥിയായ തോട്ടത്തില്‍ രവീന്ദ്രന് സാധിച്ചു. ആകെ പോള്‍ ചെയ്ത 1,37,662 വോട്ടില്‍  59124 വോട്ടാണ് തോട്ടത്തില്‍ രവീന്ദ്രന് ലഭിച്ചത്. 46,196 വോട്ട് നേടി കെ. എം അഭിജിത്ത്(ഐ.എന്‍.സി)  രണ്ടാം സ്ഥാനത്തും, 30952 വോട്ട് നേടി എം.ടി. രമേശ് (ബി.ജെ.പി) മൂന്നാം സ്ഥാനത്തുമെത്തി. 

യു.ഡി.എഫില്‍ നിന്നും ഇത്തവണ ഇടതുപക്ഷം പിടിച്ചെടുത്ത കോഴിക്കോട്  സൗത്തില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായ അഹമ്മദ് ദേവര്‍കോവില്‍ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.    ആകെ പോള്‍ ചെയ്ത  1,18,451 വോട്ടില്‍   52,557 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. അഡ്വ നൂര്‍ബീന റഷീദ് (ഐ.യു.എം.എല്‍) 40,098 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി യുടെ നവ്യ ഹരിദാസ് 24,873 വോട്ടും  നേടി. 

ഇടതിന്റെ ഉറച്ച കോട്ടയായ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഡ്വ.പി.എ. മുഹമ്മദ് റിയാസ് (സി.പി.എം)  28,747   വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.  ആകെ പോള്‍ ചെയ്ത 1,64,589   വോട്ടില്‍  82,165 വോട്ടാണ് റിയാസിന് ലഭിച്ചത്. അഡ്വ.പി.എം നിയാസ് (ഐ.എന്‍.സി) 53418  വോട്ട് നേടി  രണ്ടാം സ്ഥാനത്തെത്തി. അഡ്വ പ്രകാശ് ബാബു (ബി.ജെ.പി) 26267 വോട്ട് നേടി.

ഒരു കാലത്ത് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന തിരുവമ്പാടി ഇത്തവണയും എല്‍.ഡി.എഫിനൊപ്പം തന്നെ നിന്നു. ലിന്റോ ജോസഫ് (സി.പി.എം)  4,643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1,80,289 വോട്ടില്‍ 67,867 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 63,224 വോട്ട് നേടി സി പി ചെറിയമുഹമ്മദ്  (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി. 7,794 വോട്ട് നേടി ബേബി അമ്പാട്ട് (ബി.ജെ.പി) മൂന്നാമതാണ്.

ജില്ലയിലെ മന്ത്രിമാരിലൊരാളായ ടി.പി രാമകൃഷ്ണന്‍ മത്സരിച്ച പേരാമ്പ്രയിലും ആധികാരിക വിജയമാണ് ഇത്തവണ ഇടതുപക്ഷത്തിന് സമ്മാനിച്ചത്. 22,592 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടാം തവണയും ടി.പി രാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത 1,63,663  വോട്ടില്‍  86,023 വോട്ടാണ് ടി.പി നേടിയത്.  സി.എച്ച്. ഇബ്രാഹിം കുട്ടി (സ്വത) 63,431  വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. അഡ്വ. അഡ്വ കെ. വി. സുധീര്‍ (ബിജെപി) 11,165 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്. 

ജില്ലയിലെ താരമണ്ഡലമായ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ അഡ്വ കെ.എം സച്ചിന്‍ദേവ് (സി.പി.എം) 20372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 182253 വോട്ടില്‍ 91839 വോട്ടാണ് സച്ചിന്‍ നേടിയത്. ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് (ഐഎന്‍സി) 71467 വോട്ടും ലിബിന്‍ ബാലുശ്ശേരിക്ക് (ബിജെപി) 16490 വോട്ടുമാണ് ലഭിച്ചത്.

കോണ്‍ഗ്രസും യു.ഡി.എഫും ഏറെ  പ്രതീക്ഷ വെച്ചിരുന്ന നാദാപുരം മണ്ഡലത്തില്‍ ഇ കെ വിജയന്‍(സി.പി.ഐ) 3,385 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 175671 വോട്ടില്‍ 80,287 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 76,902 വോട്ട് നേടി അഡ്വ. കെ പ്രവീണ്‍കുമാര്‍ (ഐഎന്‍സി) രണ്ടാം സ്ഥാനത്തെത്തി. 10,290 വോട്ട് നേടി എം പി രാജന്‍ (ബിജെപി) മൂന്നാമതുമെത്തി.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മത്സരിച്ച എലത്തൂര്‍ മണ്ഡലത്തിലും ആധികാരിക വിജയമാണ് ഇടതുപക്ഷത്തിന് സമ്മാനിച്ചത്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് കയറിയത്. ആകെ പോള്‍ ചെയ്ത 1,64,613 വോട്ടില്‍ 83,639 വോട്ടാണ് ശശീന്ദ്രന് ലഭിച്ചത്.  45,137 വോട്ട് നേടി സുല്‍ഫിക്കര്‍ മയൂരി (സ്വത.) രണ്ടാം സ്ഥാനത്തെത്തി. 32,010 വോട്ട് നേടി ടി. പി ജയചന്ദ്രന്‍ മാസ്റ്റര്‍ (ബിജെപി) മൂന്നാമതെത്തി. 

കോണ്‍ഗ്രസും യു.ഡി.എഫും ഏറെ  പ്രതീക്ഷ വെച്ചിരുന്ന കൊയിലാണ്ടിയില്‍ ഇടതു സ്ഥാനാര്‍ഥിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റമായ കാനത്തില്‍ ജമീലയുടെ വിജയം 7231 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കുന്ദമംഗലത്ത് പിടിഎ റഹീം   8900 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.