പതിനഞ്ചാം നിയമസഭയിലേക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. 13 നിയോജകമണ്ഡലങ്ങളിലായി 3,790 പോളിങ് ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ്. 25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പോളിങ് സമയം.

80-നു മുകളില്‍ പ്രായമുള്ളവര്‍, ശാശീരിക വെല്ലുവിളി നേരിടുന്നവര്‍, കോവിഡ് രോഗികള്‍, ക്വാറന്റിനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക്  തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയത് ഇത്തവണത്തെ സവിശേഷതയാണ്. ജില്ലയില്‍  ഈ വിഭാഗത്തില്‍ 33,734 വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഇവര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഓരോ നിയോജകമണ്ഡലത്തിലും 30 പോളിങ് ടീമുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അവശ്യസര്‍വീസുകാര്‍ക്കും ഇത്തവണ തപാല്‍വോട്ട് അനുവദിച്ചിരുന്നു. ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 4293 പേര്‍ 13 മണ്ഡലങ്ങളിലുമൊരുക്കിയ പ്രത്യേക പോളിങ് കേന്ദ്രത്തിലെത്തി വോട്ടു രേഖപ്പെടുത്തി. 
  
സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 7234 സംസ്ഥാന, കേന്ദ്ര, സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. റൂറല്‍ പോലീസ് പരിധിയിലെ 2435 ബൂത്തുകളില്‍ 29 ക്രിട്ടിക്കല്‍ ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്.   852 കേന്ദ്രസേന ഉദ്യോഗസ്ഥരെയും 1562 സ്പെഷ്യല്‍ പോലീസുകാരെയുമാണ് ഇവിടെ വിന്യസിക്കുക. 24 വീതം സ്റ്റാറ്റിക് സര്‍വയലന്‍സ്, ആന്റി ഡിഫെസ്മെന്റ്, എക്സ്പെന്‍ഡിച്ചര്‍ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ റൂറല്‍ പരിധിയില്‍ നിരീക്ഷണത്തിനുണ്ടാവും.  സിറ്റി പോലീസ് പരിധിയില്‍ ആകെയുളള 1355 പോളിങ് ബൂത്തുകളില്‍ 14 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളും 98 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളുമാണ്. 232 കേന്ദ്രസേന ഉദ്യോഗസ്ഥരും 886 സ്പെഷ്യല്‍ പോലീസുകാരും 15 വീതം  നിരീക്ഷണ സ്‌ക്വാഡുകളും ഡ്യൂട്ടിക്കുണ്ട്. ക്രിട്ടിക്കല്‍,സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടിങ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. 
 
നിയമസഭാ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം  തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടന്നു. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ്ങ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ് , വോട്ടേഴ്സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികള്‍ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സാമഗ്രികളുടെ വിതരണം.