കോഴിക്കോട്: മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ ചരടുവലിച്ച മന്ത്രി എ.കെ ശശീന്ദ്രന് വിനയായി പാളയത്തിലെ പട. എന്‍.സി.പിയിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് കാപ്പനൊപ്പം പോയപ്പോള്‍ എലത്തൂര്‍ വീണ്ടുമുറപ്പിച്ച ശശീന്ദ്രന് അത്ര സന്തോഷം നല്‍കുന്നതല്ല പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍.
ശശീന്ദ്രന്‍ ഒരിക്കല്‍കൂടി എലത്തൂര്‍ സ്വപ്‌നം കാണുമ്പോള്‍ മന്ത്രിയെ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യമുയർത്തുകയാണ് എന്‍.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം. ഇക്കാര്യം 22-ന് കൊച്ചിയില്‍ നടക്കുന്ന ഉന്നതാധികാര യോഗത്തില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്യും.
എലത്തൂരില്‍ എന്‍.സി.പിയെങ്കില്‍ അത് ശശീന്ദ്രന്‍ തന്നെയെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇതുവരെ ശശീന്ദ്രനൊപ്പമുള്ളവര്‍. എന്നാല്‍ നേരത്തെ പെരിങ്ങളത്ത് നിന്നും എടക്കാട് നിന്നും രണ്ട് തവണ എലത്തൂരില്‍ നിന്നും ബാലുശ്ശേരിയില്‍ നിന്നുമെല്ലാം ജയിച്ച് എം.എല്‍.എയും മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ ഇത്തവണ പുതിയ ആളുകള്‍ക്ക് മാറിക്കൊടുക്കണമെന്ന് ജില്ലാ കമ്മറ്റിയില്‍ ആവശ്യം ഉയര്‍ന്നു.
ഇതുവരെ എട്ടുതവണ എ.കെ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് സി.പി.ഐയും രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് സി.പി.എമ്മും തീരുമാനിച്ച സ്ഥിതിക്ക് അതേ മാതൃക പിന്‍തുടരണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇത് ശശീന്ദ്രനെ ലക്ഷ്യം വെച്ചായിരുന്നു. നാളെ ചേരുന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ഉന്നയിക്കും. കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രനെതിരേ ശക്തമായ വികാരമുയര്‍ന്നത്.
ഭരണ തുടര്‍ച്ചയ്ക്ക് ഓരോ സീറ്റും നിര്‍ണായകമാണെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ തര്‍ക്കമുണ്ടായാല്‍ എലത്തൂര്‍ സീറ്റ് സി.പി.എം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇത് എന്‍.സി.പിക്ക് തിരിച്ചടിയാവും. മാത്രമല്ല പാലാ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതിന് കാരണം നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ എലത്തൂര്‍ കൂടി നഷ്ടപ്പെട്ടാല്‍ പാര്‍ട്ടി തന്നെ ഇല്ലാതായിപ്പോവുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് കാര്യമായ തര്‍ക്കമില്ലാതെ എന്തുവിലകൊടുത്തും പാര്‍ട്ടിക്കും മുന്നണിക്കും ഉറപ്പായ സീറ്റ് നിലനിര്‍ത്തണമെന്നും എലത്തൂരിന്റെ കാര്യത്തിന്‍ എന്‍.സി.പി പറയുന്നുണ്ട്.
കഴിഞ്ഞതവണ 29057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ ശശീന്ദ്രന്‍ എല്‍.ജെ.ഡി സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ കിഷന്‍ ചന്ദിനെ പരാജയപ്പെടുത്തിയത്. ഇത്തവണ എല്‍.ജെ.ഡി എല്‍.ഡി.എഫിനൊപ്പമാണ്. ഉറച്ച മണ്ഡലമായ എലത്തൂരില്‍ കണ്ണും നട്ട് നിരവധി പേരാണ് രംഗത്തുള്ളത്.
Content Highlights: AK Saseendran Elathoor Kerala Assemble Election 2021