കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. 50 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു എം.എല്‍.എയുടെ പേര് പുതുപ്പള്ളിക്കാര്‍ ചിന്തിച്ചിട്ട് പോലുമില്ല. പാലായ്ക്ക് മാണി എന്താണോ അതാണ് പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി.
കൊമ്പുകോര്‍ക്കാന്‍ എതിരാളികള്‍ പലരും വന്നു, നിന്നു, തോറ്റു. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ അത്ര സുഗമമാണോയെന്ന് കണ്ടറിയണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയും മണര്‍കാടും അടക്കം യു.ഡി.എഫ്. കോട്ടകള്‍ പലതും ഇടത് പിടിച്ചെടുത്തു. യാക്കോബായ സഭയുടെ അകമഴിഞ്ഞുള്ള പിന്തുണയാണ് മണര്‍കാട് പഞ്ചായത്തില്‍ അട്ടിമറിയിലേക്ക് നയിച്ചത്.
നേമത്തേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും 12-ാം അങ്കവും പുതുപ്പള്ളിയില്‍ തന്നെയായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു കഴിഞ്ഞു. ഇനി എതിരാളി ആരായിരിക്കും എന്നേ അറിയാനുള്ളൂ. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ ജെയ്ക്ക് സി. തോമസിന്റെ പേരിന് തന്നെയാണ് മുന്‍ഗണന.
2016-ല്‍ ജെയ്ക്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 44,505 വോട്ടുകളാണ് ജെയ്ക്ക് സ്വന്തമാക്കിയത്. സോളാര്‍ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ 71,597 വോട്ടുകള്‍ നല്‍കി.
എന്തുകൊണ്ട് ജെയ്ക്ക്
കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെതിരെ സി.പി.എം. രംഗത്തിറക്കുന്ന വെറുമൊരു ചാവേറല്ല ജെയ്ക്ക് സി. തോമസ്. ജെയ്ക്കിന്റെ പേര് പുതുപ്പള്ളി മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെടാനുള്ള കാരണങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജെയ്ക്ക് മണ്ഡലത്തില്‍ തന്നെയുള്ള ആളാണ് എന്നതാണ്. 2016-ലെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ നിന്ന് 6163 വോട്ടുകള്‍ കുറയ്ക്കാന്‍ ജെയ്ക്കിനായി. അതായത് 2011-ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 33,255 വോട്ടുകളായിരുന്നു. ജെയ്ക്ക് അത് 27,092 ആയി കുറച്ചു.
2016-ല്‍ പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും ജെയ്ക്ക് വെറുതെയിരുന്നില്ല. അന്ന് മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പുതുപ്പള്ളിക്കാര്‍ക്ക് ജെയ്ക്ക് സുപരിചിതനാണ്. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇത് ജെയ്ക്കിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാക്കോബായ സഭാംഗമാണ് ജെയ്ക്ക് എന്നത് മറ്റൊരു അനുകൂല ഘടകമായി ഇടതുപക്ഷം കരുതുന്നു. കൂടാതെ ജോസ് കെ. മാണി ഇടതുപക്ഷത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ടുകളും ജെയ്ക്കിന്റെ പെട്ടിയില്‍ വീഴും. പരമ്പരാഗതമായി ലഭിക്കുന്ന ഇടത് വോട്ടുകള്‍ക്ക് ഒപ്പം ഇതു രണ്ടും കൂടി ആകുമ്പോള്‍ അട്ടിമറിയാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്. ബി.ജെ.പി. വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യത ഇല്ലാത്ത സീറ്റാണ് പുതുപ്പള്ളി.
Content Highlights: Will there be close contest this time in Puthuppally