കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായിരിക്കും. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ സേവനം വലുതാണ്. തത്കാലം മറ്റ് മുന്നണികളുമായി ചര്‍ച്ചയില്ല.

യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല. യുഡിഎഫിന്റെ നേതൃനിരയില്‍ വഞ്ചകന്മാരാണ്.

കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്ന കാര്യമാണ് യുഡിഎഫ് ചര്‍ച്ചചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല. എന്‍ഡിഎയുമായി വീണ്ടും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രന്‍ വിളിക്കട്ടെ അപ്പോ ആലോചിക്കാം എന്നായിരുന്നു മറുപടി.

ഉമ്മന്‍ ചാണ്ടിയാണ് തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി പറഞ്ഞു

Content Highlights: P. C George to contest in Poonjar