തിരഞ്ഞെടുപ്പ് വരും മുമ്പേ കാഹളം മുഴങ്ങിയത് എന്‍.സി.പിയിലാണ്. കലങ്ങിത്തെളിയുമ്പോള്‍ മുന്നണികള്‍ക്ക് പാതി നേട്ടത്തിന്റെ ബാലന്‍സ് ഷീറ്റ്. എന്‍.സി.പി. കാപ്പനെ കൈവിട്ട മട്ടാണ്. പാര്‍ട്ടിയുമായി യു.ഡി.എഫിലേക്കായിരുന്നു ലക്ഷ്യം. അത് പാളിയോ എന്ന് വൈകിട്ടോടെ അറിയാം. കാപ്പന്‍ പോയി കഴിഞ്ഞു. നാളെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ അണിചേരുന്നതോടെ പ്രവേശനോത്സവും നടക്കും. കാപ്പന് ജയ് വിളിച്ചവര്‍ ഇനി ജോസിന് ജയ് വിളിക്കും. ജോസിന് ജയ് വിളിച്ചവര്‍ ഇനി കാപ്പന് ജയ് വിളിക്കും. പാലാക്കാരുടെ അന്തിമതീരുമാനമാണ് ഇനി സസ്‌പെന്‍സ്.
പുതിയ കക്ഷികളുടെ വരവോടെ 'ബാഹുല്യം' പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന സി.പി.എമ്മും ആഗ്രഹിച്ചത് എന്‍.സി.പി. പോകുന്നെങ്കില്‍ പോകട്ടെ എന്ന് തന്നെയാകും. കാരണം നാല് സീറ്റ് വീതംവെക്കാന്‍ കിട്ടും. ഇതില്‍ പാലായും കുട്ടനാടും കേരള കോണ്‍ഗ്രസിന് കൊടുത്താല്‍ രണ്ട് സീറ്റ് ആ വഴി നികത്താം. എലത്തൂരാകട്ടെ സി.പി.എം. ശക്തികേന്ദ്രവും. അത് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ആലോചന നേരത്തെ തന്നെ സി.പി.എമ്മിലുണ്ട്.
പക്ഷേ, കാപ്പന്‍ പോയിട്ടും മുന്നണിക്കൊപ്പം നില്‍ക്കുന്ന ശശീന്ദ്രന്റെ സീറ്റ് കൂടി ഏറ്റെടുക്കുക സി.പി.എമ്മിന് എളുപ്പമാവില്ല. എലത്തൂരിന് പകരം കണ്ണൂരെന്ന ഓഫര്‍ വച്ചാലും എന്‍.സി.പി. വഴങ്ങില്ല. മിക്കവാറും യെച്ചൂരിയുടെ ഇടപെടല്‍ പവാര്‍ അതിനായി ഉറപ്പാക്കും. ഫലത്തില്‍ എന്‍.സി.പി. ഇടത് മുന്നണിയില്‍ തുടര്‍ന്നാല്‍ നാലിന് പകരം രണ്ട് സീറ്റേ ഇത്തവണ കിട്ടാനിടയുള്ളൂ. നാലാമത്തെ സീറ്റായ കോട്ടയ്ക്കലും സി.പി.എം. ഏറ്റെടുത്തേക്കും.
പ്രഫുല്‍ പട്ടേലിന് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാതെ ഒടുവില്‍ ഫോണില്‍ പാലാ സീറ്റും രാജ്യസഭ സീറ്റും തരില്ല എന്ന് പിണറായി കട്ടായം പറയുമ്പോള്‍ പിണങ്ങിപ്പിരിയാന്‍ കാരണം അത് ധാരാളമായിരുന്നു. യെച്ചൂരി-പവാര്‍ ആശയവിനിമയം മുന്നണി വിടാനുള്ള നീക്കത്തിന് ബ്രേക്കിട്ടു. ഒന്നിച്ച് പോകാനിരുന്ന കാപ്പന്‍ ഒറ്റയ്ക്ക് യു.ഡി.എഫിന്റെ കൈ പിടിക്കുന്നു. മറുവശത്ത് എന്‍.സി.പിക്ക് നാല് സീറ്റും വാഗ്ദാനം ചെയ്ത് ക്ഷണിച്ച യു.ഡി.എഫും ആഗ്രഹിച്ചിട്ടുണ്ടാകുക കാപ്പന്‍ മാത്രം വന്നാല്‍ മതി എന്നാകും. കാരണം പാലായില്‍ ജോസിനെതിരെ കാപ്പനെ പോലൊരു ഒത്ത എതിരാളിയെ യു.ഡി.എഫിന് കിട്ടില്ല.
കുട്ടനാട് സീറ്റാകട്ടെ ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ്. എന്‍.സി.പി. വന്നാല്‍ അതില്‍ തര്‍ക്കം ഉറപ്പ്. ജോസഫ് വഴങ്ങിയാലും ജയസാധ്യതയുള്ള മറ്റൊരു സീറ്റ് പകരം കൊടുക്കേണ്ടി വരും. എലത്തൂര്‍ സീറ്റാകട്ടെ എ.കെ. ശശീന്ദ്രനെ നിര്‍ത്തിയാലും യു.ഡി.എഫിന് ജയിക്കുക വെല്ലുവിളിയാണ്. കോട്ടയ്ക്കലാകട്ടെ ലീഗിന്റെ സിറ്റിങ് സീറ്റും. അതിന് പകരമായി വിലപേശലിന് വഴങ്ങി മറ്റൊരു സീറ്റും കൊടുക്കേണ്ടി വരും. ഫലത്തില്‍ ജോസിനായി പാലാ മാറ്റിവെക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. കാപ്പന്റെ വരവോടെ ജോസഫിനും പി.സിക്കും കോണ്‍ഗ്രസിനും സുസമ്മതനായ സ്ഥാനാര്‍ഥിയായി പ്രഖ്യാപനത്തിന് മുന്നെ കാപ്പന്‍ കളത്തിലേക്ക്.
എന്‍.സി.പി. മുഴുവന്‍ വന്നില്ലെങ്കിലും കാപ്പന്‍ യു.ഡി.എഫില്‍ ഒരു സീറ്റില്‍ തൃപ്തിപ്പെടുമോ എന്ന് കണ്ടറിയണം. പകുതി ജില്ലാ കമ്മിറ്റികളുമായിട്ടാണ് കാപ്പന്‍ നാളെ പാലായിലെത്തുന്നതെങ്കില്‍ ഒരു സീറ്റിന് കൂടി കാപ്പന്‍ അവകാശം ഉന്നയിക്കും. മിക്കവാറും എല്‍.ജെ.ഡി. കഴിഞ്ഞ തവണ മത്സരിച്ച അമ്പലപ്പുഴ സീറ്റ് സുള്‍ഫിക്കര്‍ മയൂരിക്കായി ചോദിച്ചേക്കും.
എന്‍.സി.പി. തര്‍ക്കത്തില്‍ ഇടതിനും വലതിനും ഒരേ നഷ്ടവും ഒരേ നേട്ടവും തന്നെ. ജോസിന് പാലാ നീക്കിവച്ചപ്പോള്‍ ഇടതിന് കാപ്പന്‍ പോയി. എന്നാല്‍ എന്‍.സി.പി. മൊത്തത്തില്‍ പോകാനുള്ള സാധ്യത കുറഞ്ഞു. മാണിയില്ലാത്ത പാലായില്‍ യു.ഡി.എഫിന് ജോസിനെ തളയ്ക്കാന്‍ നല്ല എതിരാളിയെ കിട്ടി. എന്‍.സി.പി. വരാത്തതിനാല്‍ നാല് സീറ്റ് നല്‍കുന്ന സാഹചര്യവും ഒഴിവായി.