കോട്ടയം: 'നാട്ടിലെന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരാളെ അറിയിച്ചാല്‍ മതി. പോലീസും ഫയര്‍ഫോഴ്സും അവിടെ പാഞ്ഞെത്തിക്കോളും' കോട്ടയത്ത് നാട്ടുകാര്‍ക്കിടയിലെ സംസാരമാണിത്. വി.എന്‍.വാസവനാണ് ഈ കഥാനായകന്‍. പാര്‍ട്ടിയില്‍ മാത്രമല്ല; ജനകീയപ്രശ്നങ്ങളിലും നായകനായി എന്നുമുണ്ടായിരുന്നുവെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട. ഏതു പ്രതിസന്ധിയിലും അത്യാഹിതത്തിലും ഓടിയെത്തുന്നയാള്‍. പാര്‍ട്ടിയിലും പൊതുസമൂഹത്തിലുമുള്ള ജനകീയതതന്നെയാണ് വാസവനെ മന്ത്രിപദത്തിലേക്ക് എത്തിക്കുന്നത്.

രോഗമൊരു കുറ്റമാണോ

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് മഹാമാരി ആദ്യമായി ഭീതി പരത്തിയ നാളുകളില്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ വാസവന്‍ മുന്നിലുണ്ടായിരുന്നു. ഇറ്റലിയില്‍നിന്നെത്തിയ തിരുവാര്‍പ്പ് സ്വദേശിയായ യുവാവും കുടുംബാംഗങ്ങളും രോഗബാധിതരായപ്പോള്‍ ഭയന്നുനിന്ന നാട്ടുകാരോട് വാസവന്റെ ചോദ്യം ഇങ്ങനെയായിരുന്നു. 'രോഗം ഒരു കുറ്റമാണോ'.

അവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയതോടെയാണ് സഹായവുമായി നാട്ടുകാരും ഒപ്പം ചേര്‍ന്നത്. ദുരിതകാലത്ത് ഒപ്പംനിന്ന നേതാവിനും പാര്‍ട്ടിക്കും തിരഞ്ഞെടുപ്പില്‍ തിരുവാര്‍പ്പ് പഞ്ചായത്ത് നല്‍കിയത് 4700 വോട്ടിന്റെ ഭൂരിപക്ഷം. അയ്മനത്ത് കോവിഡ് രോഗി മരിച്ചപ്പോള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയതും അദ്ദേഹമായിരുന്നു.

ജില്ലയിലെ ഒട്ടേറെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ജീവകാരുണ്യപ്രസ്ഥാനമായ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ വാസവനായിരുന്നു. ഐങ്കൊമ്പ് ബസപകടവും ശബരിമല പുല്ലുമേട് ദുരന്തവുമുണ്ടായ സമയത്ത് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കര്‍മനിരതനായിരുന്നു വാസവന്‍.

സഖാക്കളുടെ വി.എന്‍.വി.

മികച്ച പ്രാസംഗികന്‍കൂടിയാണ് സഖാക്കളുടെ പ്രിയങ്കരനായ വി.എന്‍.വി.

ജന്മനാടായ മറ്റക്കരയിലെ ജ്ഞാനപ്രബോധിനി എന്ന വായനശാലയാണ് അതിന് അടിത്തറയിട്ടത്. ചരിത്രവും കവിതയും സഞ്ചാരസാഹിത്യവും ഇഷ്ടപ്പെടുന്ന അദ്ദേഹം ഏതു കാര്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിച്ചശേഷമാണ് പ്രസംഗിക്കുന്നത്.

2006-11-ല്‍ നിയമസഭാംഗായിരുന്ന കാലം. അന്ന് പി.കെ.ശ്രീമതിയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. ആരോഗ്യരംഗത്ത് സ്വകാര്യമേഖലയിലെ ചൂഷണത്തെക്കുറിച്ച് നിയസഭയില്‍ വാസവന് സംസാരിക്കാന്‍ അവസരം കിട്ടി. 18 മിനിറ്റ് അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചു. 'അതിനുശേഷം അന്ന് ആരോഗ്യസെക്രട്ടറിയായിരുന്ന ഉഷാ ടൈറ്റസ് എന്നോട് ചോദിച്ചു'. ഡോക്ടറാണോയെന്ന്. വാസവന്‍ ചിരിയോടെ പറയുന്നു.അത്ര കൃത്യമായിട്ടായിരുന്നു വിഷയം പഠിച്ച് അവതരിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ആരോഗ്യരംഗത്തെ മാറ്റങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠം. ജസ്റ്റിസ് കെ.ടി.തോമസിന്റെ പ്രഭാഷണങ്ങളില്‍നിന്നാണ് താന്‍ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഹിമഭവന്‍ ഇനി മന്ത്രിയുടെ വീട്

പാമ്പാടിയിലെ ഹിമഭവന്‍ വീട് ആഹ്ളാദത്തിലാണ്. ഭാര്യ ഗീതയും മകള്‍ ഗ്രീഷ്മയും ഈ ആഹ്ളാദം പങ്കുവെയ്ക്കാന്‍ വാസവന് ഒപ്പമുണ്ട്. മൂത്ത മകള്‍ ഡോ. ഹിമ അടുത്ത ദിവസമേ എത്തൂ.

'സന്തോഷമുണ്ട്.' മന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗീതയും ഗ്രീഷ്മയും ഒരേസ്വരത്തില്‍ പറഞ്ഞു.

'രാഷ്ട്രീയകാര്യമൊന്നും വീട്ടില്‍ സംസാരിക്കാറില്ല'-ഇവിടെ വന്നാല്‍ കുടുംബകാര്യങ്ങള്‍ മാത്രം 'എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ആവശ്യത്തിന് ഒപ്പമുണ്ടാകാറുണ്ട്.' വാസവന്‍ എന്ന ഗൃഹനാഥന് ഭാര്യ ഗീത മാര്‍ക്കിട്ടു.

'ടീച്ചറിന്റെ സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ച് ഞാനും തിരക്കാറില്ല.'-വാസവന്‍ ബാക്കി പൂരിപ്പിച്ചു. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ഗീത ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്.

VN vasavan new minister from kottayam