കോട്ടയത്തെ സി.പി.എമ്മിന്റെ അമരക്കാരനാണ് വാസവന്‍. ഡി.വൈ.എഫ്.ഐ., സി.പി.എം., തൊഴിലാളിപ്രസ്ഥാനങ്ങള്‍ എന്നിവയ്ക്ക് കോട്ടയത്തിന്റെ മണ്ണില്‍ വേരോട്ടമുണ്ടാക്കിയ പോരാളി. യു.ഡി.എഫില്‍നിന്നകന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തോട് ചേര്‍ത്തത് വാസവന്റെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തിന് തെളിവ്. ആ തീരുമാനമാണ് മധ്യകേരളത്തിന്റെ രാഷ്ട്രീയഭൂപടത്തെ ചുവപ്പണിയിച്ചത്. ഏറ്റുമാനൂരില്‍നിന്ന് ജയിച്ച വാസവന് നിയമസഭയില്‍ രണ്ടാമൂഴം.

1987-ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേയായിരുന്നു കന്നിമത്സരം. 2006-ല്‍ കോട്ടയത്തുനിന്ന് ജയിച്ചു. 2011-ല്‍ കോട്ടയത്തുനിന്നു നിയമസഭയിലേക്കും 2019-ല്‍ ലോക് സഭയിലേക്കും മത്സരിച്ചു. മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ ഗീത സൗത്ത് പാമ്പാടി സെയ്ന്റ് തോമസ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ഡോ. ഹിമ വാസവന്‍, ഗ്രീഷ്മ വാസവന്‍. മരുമകന്‍: ഡോ. നന്ദകുമാര്‍.

Content Highlight: vn vasavan and family