കോട്ടയം: പാലായില്‍ മാണി സി. കാപ്പന്‍ വ്യക്തമായ ലീഡുമായി വിജയത്തിലേക്ക്. ഏറ്റവും വാശിയേറിയ മത്സരം നടന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍  ജോസ് കെ. മാണിക്ക് പരാജയം. പാലയ്ക്ക് വേണ്ടിയുള്ള പിടിവലികള്‍ക്ക് ഒടുവിലാണ് കാപ്പന്‍ എന്‍.സി.പിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും മാറി കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് കാപ്പന്റെ വിജയം തെളിയിക്കുന്നത്. പതിനൊന്നായിരത്തില്‍ പരം വോട്ടുകളാണ് കാപ്പന്റെ ലീഡ്. 

2019ല്‍ കെ.എം. മാണിയുടെ  മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിനെ പരാജയപ്പെടുത്തി. 2943 വോട്ടുകള്‍ക്കായിരുന്നു അന്ന് കാപ്പന്റെ വിജയം.  കെ.എം. മാണിയോട് തോറ്റ് തോറ്റ് ഒടുവിലായിരുന്നു കാപ്പന്റെ കന്നിവിജയം. അങ്ങനെ വര്‍ഷങ്ങളളോടം പടപൊരുതി പിടിച്ചടക്കിയ മണ്ഡലത്തെ വിട്ടുകൊടുക്കാന്‍ കാപ്പന് ആകുമായിരുന്നില്ല. അതും ജോസ് കെ. മാണിക്കുവേണ്ടി. 

ഇടതുചേരിയിലെത്തിയ ജോസ് കെ. മാണിയെ അത്ര ഹൃദയവിശാലയതോടെ സ്വീകരിക്കാന്‍ പാലയിലെ എല്‍.ഡി.എഫുകാര്‍ക്കും കഴിഞ്ഞില്ല എന്നാണ് പാല തെളിയിക്കുന്നത്.  കെ.എം. മാണിക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അപ്പാടെ മറന്ന് രണ്ടിലയ്ക്ക് വോട്ടുചെയ്യാന്‍  പാലയിലെ ഇടതുമനസുകള്‍ തയ്യാറായും ഇല്ല. 

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണിയ്ക്ക് ഏറ്റവും ദയനീയ പരാജയം നല്‍കിയാണ് കാപ്പന്റെ ഈ വിജയം.  ജോസിന് വേണ്ടി കാപ്പനെ തള്ളിയ എന്‍.സി.പിയ്ക്കും ഈ വിജയം തിരിച്ചടിയാണ്. ജോസിന്റെ സാനിധ്യത്തില്‍ ജില്ലയിലെ രണ്ട് സീറ്റുകള്‍ വര്‍ദ്ധിപ്പാക്കാന്‍  ഇടതുമുന്നണിക്ക് ആയെങ്കിലും കാപ്പന്റെ ഈ വിജയം വരും നാളുകളില്‍ മുന്നണിയില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.

Content Highlight: UDF candidate Mani C Kappan wins Pala