പാലാ: പാലായില്‍ ജോസ് കെ. മാണിക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജോസ് കെ. മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് സി.പി.എം ഫോറം എന്ന പേരിലാണ് പാലായില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പാലായുടെ പല ഭാഗത്തും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കയ്യെഴുത്ത് പോസ്റ്ററുകളാണ് ഇവ. ജോസ് കെ. മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നു. പാലാ നഗരസഭയില്‍ ഇന്നലെ ഉണ്ടായിട്ടുള്ള സി.പി.എം-കേരള കോണ്‍ഗ്രസ് കയ്യാങ്കളിക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

കയ്യാങ്കളിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അടിയൊഴുക്കുകള്‍ പാലാ മണ്ഡലത്തില്‍ ഉണ്ടാവുമോ എന്ന ആശങ്ക ഇടത് നേതൃത്വത്തിനുണ്ട്. സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ കൗണ്‍സിലര്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇരുപാര്‍ട്ടികളും വിളിച്ചുചേര്‍ത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് ഈ യോഗങ്ങളില്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മില്‍ ശക്തമായ മത്സരമാണ് പാലായില്‍ നടക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശം ശരിയായിരുന്നുവെന്ന് തെളിയിക്കാന്‍ ജോസ് കെ. മാണിയുടെ വിജയം മുന്നണിക്ക് അനിവാര്യമാണ്. ഇതിനായുള്ള ശക്തമായ പ്രവര്‍ത്തനത്തിനിടക്ക് ഇത്തരം സംഘര്‍ഷങ്ങള്‍ പാലാ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് അറിയാനുള്ളത്.

Content Highlights: save CPM forum, Jose K Mani, Pala