ന്യൂഡല്‍ഹി: പാലായ്ക്കുവേണ്ടി സമ്മര്‍ദം ചെലുത്തുമ്പോഴും ജയസാധ്യതയുള്ള മറ്റൊരു മണ്ഡലവും രാജ്യസഭാ സീറ്റും ലഭിച്ചാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാന്‍ എന്‍.സി.പി. കേരളത്തിലെ നേതാക്കളുമായി ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്തു.
പാര്‍ട്ടി ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 14 വര്‍ഷമായുള്ള ബന്ധമാണ് ഇടതുമുന്നണിയുമായുള്ളതെന്നും അതില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലു സീറ്റില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വ്യക്തമാക്കിയ പട്ടേല്‍, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ സി.പി.എം. നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കാണുമെന്നും അറിയിച്ചു. ഇതിനായി വൈകാതെ കേരളത്തിലെത്തും.
സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍, പാലാ എം.എല്‍.എ. മാണി സി. കാപ്പന്‍ എന്നിവരുമായി രാവിലെ 11.30-ന് പവാറിന്റെ വീട്ടില്‍ തുടങ്ങിയ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടു. അതിനിടയില്‍ അപ്രതീക്ഷിതമായായിരുന്നു യെച്ചൂരിയുടെ വരവ്.
പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി നേതാക്കള്‍ യെച്ചൂരിയെ ധരിപ്പിച്ചു. പാലാ ഉള്‍പ്പെടെ നിലവില്‍ മത്സരിക്കുന്ന നാലു സീറ്റുകളും എന്‍.സി.പി.ക്ക് അവകാശപ്പെട്ടതാണെന്ന് ശരദ് പവാറും യെച്ചൂരിയോട് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട യെച്ചൂരി എന്‍.സി.പി. മുന്നണി വിടരുതെന്ന് അഭ്യര്‍ഥിച്ചു.
ഡല്‍ഹി ചര്‍ച്ചയില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പുകിട്ടാത്തതിനാല്‍ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മൂന്നു ഉപാധികള്‍ വെക്കാനാണ് എന്‍.സി.പി.യുടെ തീരുമാനമെന്നറിയുന്നു. ജയസാധ്യതയുള്ള മറ്റൊരു മണ്ഡലവും രാജ്യസഭാ സീറ്റും ആണ് ഒരാവശ്യം. എലത്തൂര്‍ മാണി സി. കാപ്പന് നല്‍കി എ.കെ. ശശീന്ദ്രന് രാജ്യസഭാ സീറ്റ് നല്‍കല്‍ അല്ലെങ്കില്‍ മാണി സി. കാപ്പന് മുഴുവന്‍ ടേം രാജ്യസഭാ സീറ്റ് എന്നീ നിര്‍ദേശങ്ങളാണ് മറ്റുള്ളവ. ഉപാധികള്‍ അംഗീകരിച്ചാല്‍ എന്‍.സി.പി. പാലാ സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കുമെന്നാണ് സൂചന.