കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കമ്മീഷന്‍ തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് എവിടെ വരേയും പോകുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 

'പ്രകടന പത്രികയിലേയും സ്ഥാനാര്‍ഥി നിര്‍ണയത്തിലേയും മികവ് യുഡിഎഫിന് നേട്ടമാവും.  പുതുപ്പള്ളിയിലും കോട്ടയത്തും കേരളത്തിലാകെയും യുഡിഎഫ് അനുകൂലമായ സാഹചര്യമാണുള്ളത്. 

ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തത്. അതനുസരിച്ച് വിധി വന്നപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്നാല്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തപ്പോള്‍ അവര്‍ നിലപാട് മാറ്റി. ആത്മാര്‍ഥമായല്ല അവര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചത്. അങ്ങനെയെങ്കില്‍ ആചാരങ്ങള്‍ക്കെതിരായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം. ആചാര അനുഷ്ഠാനങ്ങള്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കപ്പെടണമെന്നതാണ് ഭരണത്തിലിരിക്കുമ്പോഴും ഇപ്പോഴും യുഡിഎഫിന്റെ നിലപാട് എന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. 

Content Highlights: Oommen Chandy on irregularities in Voters List