തിരുവനന്തപുരം: ജനവിധി മാനിക്കുന്നതായും വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും കെ.പി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ ജനവിധി മാനിക്കുന്നു. ഇത്തരം ഒരു ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം  കേരളത്തില്‍  നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി കോണ്‍ഗ്രസ് കാണുന്നു. ആ പരാജയത്തെ പരാജയമായി വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരു കാലത്തും  കളഞ്ഞിട്ടില്ല. 2001ല്‍  എ.കെ ആന്റണി 99 സീറ്റുകള്‍ നേടിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. അതാണ് കേരളത്തിന്റെ ചരിത്രം. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ അത് വിശദമായി പഠിച്ച് വര്‍ദ്ധിതമായ വീര്യത്തോട് കൂടി മുന്നോട്ടുപോയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.  തിരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്ത മുഴുവന്‍ പ്രവര്‍ത്തകരെയും  ഞങ്ങളെ സഹായിച്ച മുഴുവന്‍ ജനങ്ങളെയും  കെ.പി.സി.സി അഭിനന്ദിക്കുന്നു.  അവരോട് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ യുഡിഎഫ് സ്ഥാനാര്‍ഥികളെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. മുല്ലപ്പള്ളി പറഞ്ഞു.

Content Highlight: Mullappally Ramachandran Press meet