യുഡിഎഫിന്റെ കോട്ടയായിരുന്നു കോട്ടയം ജില്ല.  ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ആ ചരിത്രം വെറും പഴങ്കഥയായി മാറി. ഇന്നിപ്പോള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സമസ്യയാണ് കോട്ടയത്തിന്‍റെ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന  കെ.എം. മാണിയുടെ പാര്‍ട്ടി ഇത്തവണ ഇടതുപാളയത്തിലും ഇടതുപക്ഷത്തുണ്ടായിരുന്ന എന്‍സിപി നേതാവ് മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പവും ചേര്‍ന്നു കഴിഞ്ഞു.  ഇതിനെക്കാളുപരി സാമുദായിക ശക്തികളുടെ നിലപാടും കൂടിയാകുമ്പോള്‍ കോട്ടയം തീര്‍ത്തും പ്രവചനാതീതമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലമാണ് എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്.  

പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍  എന്നിങ്ങനെ  ഒന്‍പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍ഡിഎഫിനെ തുണച്ചത്. ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് വന്നതോടെ കാഞ്ഞിരപ്പള്ളിയും ഒപ്പമായി. 

ഏറ്റുമാനൂരില്‍ ലതികയുടെ രംഗപ്രവേശം മൂന്നു മുന്നണിക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജോസ് പക്ഷം കൂടി വന്നതോടെ ഇത്തവണ ജില്ലയില്‍ മേധാവിത്തം ഉറപ്പെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. എട്ടില്‍ ആറ് സീറ്റും കഴിഞ്ഞ തവണ നേരിടുന്ന യുഡിഎഫ് ഇത്തവണ രണ്ട് സീറ്റില്‍ ഒഴികെ വലിയ വെല്ലുവിളി നേരിടുന്നു. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം ലഭിച്ച കടുത്തുരുത്തിയില്‍ ജോസ്-ജോസഫ് പക്ഷം തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വരവോടെ കാഞ്ഞിരപ്പള്ളിയില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ ഇത് തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കിയെന്ന് അവിടെ എല്‍ഡിഎഫ് ക്യാമ്പ് പറയുന്നു. ജോസ്-ജോസഫ് പക്ഷം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമായ ചങ്ങനാശ്ശേരിയിലും പൊരിഞ്ഞ പോരാട്ടമാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് സി.എഫ് തോമസ് എട്ടാം അങ്കത്തില്‍ ജയിച്ചുകയറിയത്. എല്ലാ അടവും പയറ്റുന്ന പാലായില്‍ കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. ജോസിനും കാപ്പനും ജയം അഭിമാനപ്രശ്നം. തോറ്റാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി മാറും. ഇടതിന് പാലായില്‍ കല്ലുകടിയായി നഗരസഭയിലെ തമ്മിലടിയും ചര്‍ച്ചയായിമാറി. ജോസിനെ അവസരവാദിയായി ചിത്രീകരിക്കുന്ന പോസ്റ്റര്‍. ലൗജിഹാദ് വിഷയം എടുത്തിട്ടുള്ള ജോസിന്റെ പ്രയോഗവും തിരുത്തലും. അനുദിനം പാലായില്‍ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. നഗരങ്ങളില്‍ ജോസ് കൂടുതല്‍ മുന്നേറുമ്പോള്‍ കാപ്പന്റെ പിടി ഗ്രാമങ്ങളിലാണ്.  ഇതൊക്കെയാണ് കോട്ടയത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍.

പാലായാണ് കോട്ടയത്തെ മുഖ്യചര്‍ച്ചാവിഷയം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ 33472 വോട്ടിന്റെ ഭൂരിപക്ഷമാണ് തോമസ് ചാഴിക്കാടന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ നിയമസഭാ,  ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും  കെ.എം. മാണിയുടെ മകന്‍ ജോസ് കെ മാണിയുമാണ് പാലായിലെ എല്‍ഡിഎഫിന്റെ പ്രതീക്ഷ.  കണക്കുകള്‍ പോലും ഇരു മുന്നണികള്‍ക്കും ഒരേ പോലെ പ്രതീക്ഷ നല്‍കുമ്പോള്‍ പാലാ പ്രവചനാതീതമാകുന്നു. 

കാപ്പനോ ജോസോ? സസ്‌പെന്‍സ് നിറച്ച് പാലാ

കെ.എം മാണിയിലൂടെ പ്രശസ്തമായ മണ്ഡലം. അഞ്ച് പതിറ്റാണ്ടോളമാണ് പാലാ കെ.എം മാണിക്കൊപ്പം നിന്നത്.  എന്നാല്‍ മാണി മരിച്ചശേഷമുള്ള തിരഞ്ഞെടുപ്പില്‍ പാലാ കാപ്പനെ തുണച്ചു. തോറ്റ് തോറ്റായിരുന്നു  ഒടുവില്‍ കാപ്പന്‍  വിജയിച്ചത്. അതുകൊണ്ടുതന്നെ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ജോസ് കെ.മാണിക്ക് വേണ്ടി പാലായെ കൈവിടാന്‍ കാപ്പനാകുമായിരുന്നു.  ഏത് പാര്‍ട്ടിയോടാണോ പാലായ്ക്ക് വേണ്ടി പട പൊരുതിയത് ആ പാര്‍ട്ടിയ്ക്ക് വേണ്ടിതന്നെ പാലായെ വിട്ടുകൊടുക്കാന്‍ നില്‍ക്കാതെ കാപ്പന്‍ യുഡിഎഫിലെത്തി. അതുകൊണ്ടു തന്നെ പാലാ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം. കോട്ടയം ജില്ലയിലെ പ്രവചനാതീതമായ മണ്ഡലങ്ങളില്‍ ഒന്നുതന്നെയാണ് പാല.  യുഡിഎഫിലേക്ക് പോയ കാപ്പനോ എല്‍ഡിഎഫിലേക്ക് പോയ ജോസ് കെ മാണിയൊ, ആരെയാണ് പാലാക്കാര്‍ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.  ഡോ. ജെ. പ്രമീളാദേവിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫ് പാലായില്‍ സ്വന്തമാക്കിയത് 57357  വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത് 47994 വോട്ടുകളും ബിജെപി 19231 വോട്ടുകളും സ്വന്തമാക്കി. 14617  വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. ഇത് മുന്നണിക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ തന്നെയാണ്. പൊതുവേ യുഡിഎഫിന്റെ കോട്ടയയായിരുന്ന പാലാ ജോസ് കെ മാണിയുടെ കൂറുമാറ്റത്തോടെയാണ് ഇങ്ങനെയൊരു ഭൂരിപക്ഷത്തിലേക്കെത്തിച്ചേര്‍ന്നത്. 

ജോസിനും കാപ്പനും അഭിമാന പ്രശ്‌നമാണ് ജയം. മൂന്നു തവണ തോറ്റ കാപ്പന് ഒടുവില്‍ കൈയില്‍ കിട്ടിയ പാലാ ഇത്തവണ മാറി ചിന്തിക്കുമോ? പാലാക്കാരും കണ്‍ഫ്യൂഷനിലാണ്.

ഇത്തവണ ആശാനെ തുണയ്ക്കുമോ പൂഞ്ഞാര്‍

പൂഞ്ഞാര്‍ എന്നാല്‍ പി.സി ജോര്‍ജ്ജാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്നിപരീക്ഷയാണ്‌. ഇടതു മുന്നണിയില്‍  നിന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കലും കോണ്‍ഗ്രസിന്റെ ടോമി കല്ലാനിയും  എന്‍ഡിഎ സ്ഥാനാര്‍ഥിയായി എം.പി. സെന്നും മത്സര രംഗത്തുണ്ട്.  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റമാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം, പൂഞ്ഞാറില്‍ ആണ് മത്സരിക്കുന്നത് എന്നതു തന്നെയാണ് പി.സി ജോര്‍ജിന്റെ ആത്മവിശ്വാസം. ആരുടെ വോട്ടും താന്‍ സ്വീകരിക്കുമെന്നും പി.സി ജോര്‍ജ്ജ് പറയുന്നു.  ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിച്ചത് വോട്ടായി മാറുമെന്ന ഉറച്ച  പ്രതീക്ഷയിലാണ് പി.സി ജോര്‍ജ്ജ്.  

pc george
പി.സി ജോര്‍ജ്ജ്. 

സവിശേഷ രാഷ്ട്രീയ പരീക്ഷണമാണ് പൂഞ്ഞാറിലേത്. മുസ്ലിംവിരോധം അവസരമാക്കി മാറ്റി ഹിന്ദു വോട്ട് ആകര്‍ഷിക്കാനുള്ള പണിപ്പുരയിലാണ് പി.സി ജോര്‍ജ്. മറുവശത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാതെ ഒന്നിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും നീങ്ങുന്നു. കഴിഞ്ഞ തവണ പി.സി ജോര്‍ജ് ഒറ്റയ്ക്ക് ജയിച്ചപ്പോള്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് മുന്നില്‍. യുഡിഎഫ് രണ്ടാമതും. ഉറച്ച വോട്ട് ബാങ്കില്‍ ഒരുവിഭാഗം മുസ്ലിം വോട്ടുകള്‍ എതിരായാലും ഭീഷണിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ജോര്‍ജ്. പി.സിക്ക് എതിരായ മുസ്ലിം വോട്ടുകളുടെ ഏകീകരണം ആര്‍ക്ക് അനുകൂലമാകും എന്നതാണ് അവിടത്തെ സസപെന്‍സ്. അത് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടത് ക്യാമ്പിന് ലൗജിഹാദ് പരാമര്‍ശം എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.സി ജോര്‍ജ്ജ് വിജയിച്ചത്. രണ്ടാമത് എത്തിയ യുഡിഎഫിന്റെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 35800 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 22270 വോട്ടുകള്‍ സ്വന്തമാക്കി. 

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ 54202 വോട്ടുകള്‍ നേടി എല്‍ഡിഎഫ് നേരിയ മുന്‍തൂക്കം സ്വന്തമാക്കിയപ്പോള്‍ 52498 വോട്ടുകള്‍ ആണ് യുഡിഎഫ് നേടിയത്. അതായത് എല്‍ഡിഎഫിന് 1704 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയാകട്ടെ 14159 വോട്ടുകളും സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ 61530  വോട്ടുകള്‍ നേടി കോണ്‍ഗ്രസ് ആണ് മുന്നില്‍. 43601 വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 30990 വോട്ടുകള്‍ എന്‍ഡിഎയും സ്വന്തമാക്കി. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പൂഞ്ഞാറില്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.

പ്രവചനാതീതം ഏറ്റുമാനൂര്‍ 

ഒരൊറ്റ പ്രതിക്ഷേധം കൊണ്ട്  കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ മണ്ഡലം. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമൂലം  ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് എങ്ങനെ ഏറ്റുമാനൂരിനെ സ്വാധീനിച്ചു എന്നതാകും ഒരു പക്ഷേ ഏറ്റുമാനൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെ നിർണയിക്കുന്നത്.

ഘടകകക്ഷിയുടെ സീറ്റ് ലതികയ്ക്ക് വിട്ടുനല്‍കാനാകില്ലെന്ന്  കോണ്‍ഗ്രസ് നിലപാടെടുത്തത് സമാനതയില്ലാത്ത പ്രതിഷേധത്തിലേക്ക് നയിക്കുന്നതാണ് കേരളം കണ്ടത്. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക മത്സര രംഗത്തേക്കെത്തി. ഇത് ആദ്യം ഞെട്ടിച്ചത് യുഡിഎഫ് ക്യാമ്പിനെയാണ്. ലതിക എല്ലാ മുന്നണികളുടെയും വോട്ട് പിടിച്ചേക്കുമെന്ന കണക്കുകൂട്ടലിലേക്കാണ് മുന്നണികള്‍ എത്തുന്നത്. യുഡിഎഫ് വോട്ടുകള്‍ വിഭജിക്കപ്പെട്ട്  ലതികയ്ക്ക് പോകുമ്പോള്‍ വി.എന്‍. വാസവന് ജയം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.  എന്നാല്‍ ഒരു കൊടിയും പിടിക്കാതെ സ്വതന്ത്രയായായി മത്സരിക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും, അത്  87ല്‍ യുഡിഎഫിനെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച ജോസഫ് പൊടിപ്പാറ സ്വന്തമാക്കിയ പോലൊരു വിജയം നേടാനാകുമെന്നുമാണ്  ലതിക ക്യാമ്പിന്റെ സ്വപ്‌നം. 

Lathika subhash
  ലതികാ സുഭാഷ് 

നീണ്ട പ്രവര്‍ത്തന പാരമ്പര്യമുള്ള ലതികയ്ക്ക് ഏറ്റുമാനൂരിന്റെ മനസറിയാം എന്നതുതന്നെയാണ് അവരുടെ ആത്മവിശ്വാസം. ജനിച്ചുവളര്‍ന്ന നാട് കക്ഷിരാഷ്ട്രീം മറന്ന് തന്നെ പിന്തുണയ്ക്കുമെന്ന് ലതിക വിശ്വസിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി കോട്ടയം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയ ടി.എന്‍ ഹരികുമാര്‍ മത്സരിക്കുന്നുണ്ട്. 

ഏറ്റുമാനൂരില്‍ എല്ലാവര്‍ക്കും സാധ്യത എന്ന നിലയിലാണ് കാര്യങ്ങള്‍. തുടക്കത്തില്‍ ലതികയുടെ വരവോടെ കാര്യങ്ങള്‍ എളുപ്പം എന്ന നിലയിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ ലതിക പ്രചാരണത്തില്‍ സജീവമാകുകയും ബിഡിജെഎസ് മാറി ബിജെപി സ്ഥാനാര്‍ഥി വരുകയും ചെയ്തതോടെ മത്സരം കടുത്തു. ലതിക കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചാല്‍ അത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് തിരിച്ചടിയാകും. എന്നാല്‍ വ്യക്തിബന്ധങ്ങളിലൂടെ ഇടത് വോട്ടുകളും ലതികയ്ക്ക് അനുകൂലമാകുമോ എന്ന ചോദ്യവുമുണ്ട്.

കോട്ടയം ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. എല്‍ഡിഎഫിന്റെ അഡ്വ. കെ. സുരേഷ് കുറുപ്പ് 8899 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎയ്ക്കായി മത്സരിച്ച എ.ജി തങ്കപ്പന്‍ 27000ത്തില്‍പരം വോട്ടുകള്‍ സ്വന്തമാക്കി.  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന്  8345 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 5632 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്.  പക്ഷേ ലതികയുടെ  അപ്രതീക്ഷിത നീക്കത്തോടെ പ്രവചനങ്ങള്‍ സാധ്യമല്ലാത്ത മണ്ഡലങ്ങളുടെ പട്ടികകയിലേക്ക് ഏറ്റുമാനൂരും എത്തി. 

കോട്ടയം കോട്ട നിലനിർത്തുമോ കോണ്‍ഗ്രസ്?

കോണ്‍ഗ്രസിന് ശക്തമായ മുന്‍തൂക്കമുള്ള മണ്ഡലം. ഇത്തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ക്യാമ്പ് ശുഭപ്രതീക്ഷയിലാണ്. അഡ്വ. അനില്‍കുമാറിനെയാണ്  ഇടതുമുന്നണി തിരുവഞ്ചൂരിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മിനര്‍വാ മോഹനും ജനവിധി തേടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33632 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരുവഞ്ചൂര്‍ വിജയിച്ചത്.  എല്‍ഡിഎഫിന്റെ അഡ്വ. റെജി സക്കറിയ 40262 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി എം.എസ് കരുണാകരന്‍ 12582 വോട്ടുകളും സ്വന്തമാക്കി.

എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടതുപക്ഷത്തിനും ആശ്വസിക്കാനുള്ള വക കോട്ടയം നല്‍കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 44066 വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 42493 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 

മത്സരം കടുപ്പിച്ച് കടുത്തുരുത്തി

കടുത്തുരുത്തിയുടെ ചരിത്രം പരിശോധിച്ചാല്‍ മണ്ഡലം കേരളാ കോണ്‍ഗ്രസിന്റേതാണെന്ന്  പറയേണ്ടിവരും. മണ്ഡലം  രൂപീകരിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പുക്കളില്‍ വിരലില്‍ എണ്ണാവുന്ന പരാജയങ്ങള്‍ മാത്രമേ മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ കടുത്തുരുത്തിയില്‍ നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നത് രണ്ട് കേരളാ കോണ്‍ഗ്രസുകാരാണ്. ജോസിന്റെ കേരളാകോണ്‍ഗ്രസും ജോസഫിന്റെ കേരളാ കോണ്‍ഗ്രസും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ യുഡിഎഫിനൊപ്പമുള്ള പിജെ ജോസഫിന്റെ കേരളാകോണ്‍ഗ്രസും എല്‍ഡിഎഫ് പാളയത്തില്‍ കയറിയ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസുമാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

സിറ്റിങ്ങ് എം.എല്‍എയായ മോന്‍സ് ജോസഫും എല്‍ഡിഎഫിനായി സ്റ്റീഫന്‍ ജോര്‍ജ്ജുമാണ് ഏറ്റുമുട്ടുന്നത്. നാലാം തവണയാണ് മോന്‍സും സ്റ്റീഫനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.  രണ്ട് പ്രാവശ്യവും വിജയം മോന്‍സിനൊപ്പമായിരുന്നു. 

കാഞ്ഞിരപ്പള്ളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്ന് മുന്നണികളില്‍ നിന്നും മത്സരിക്കാനെത്തുന്നത് പ്രബല സ്ഥാനാര്‍ഥികളാണ് എന്നതാണ് കാഞ്ഞിരപ്പള്ളിയുടെ പ്രത്യേകത. യുഡിഎഫിനായി ജോസഫ് വാഴയ്ക്കനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി അല്‍ഫോന്‍സ് കണ്ണന്താനവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.എന്‍ ജയരാജനും മത്സരിക്കുന്നു. 

സീറ്റിനായുള്ള കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പ് തര്‍ക്കത്തിനൊടുവിലാണ് ജോസഫ് വാഴയ്ക്കന്‍ സ്ഥാനാര്‍ഥിയായത്. വര്‍ഷങ്ങള്‍ക്ക് ശേഷം കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന സന്തോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍. 2006-ല്‍ വാഴൂരില്‍ വിജയിച്ച് നിയമസഭയിലെത്തിയ ഡോ. എന്‍.ജയരാജ് നാലാമത്തെ തവണയാണ് ജനവിധി തേടുന്നത്. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാണ് ജയരാജ്. 

2011-ല്‍ വാഴൂര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ യോജിച്ച് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളിയായി. 2006-ല്‍ കാഞ്ഞിരപ്പള്ളില്‍ നിന്ന് വിജയിച്ചയാളാണ് അല്‍ഫോന്‍സ് കണ്ണന്താനം. 15 വര്‍ഷത്തിന് ഇപ്പുറം മത്സരിക്കാനെത്തുമ്പോള്‍  ഒരു വ്യത്യാസമുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായാണ് കണ്ണന്താനം  ജന്മനാട്ടിലേക്ക് സ്ഥാനാര്‍ഥിയായെത്തുന്നത്. അന്നും ജോസഫ് വാഴയ്ക്കനായിരുന്നു കണ്ണന്താനത്തിന്റെ എതിരാളി. 

ഒന്‍പത് പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ ഓരോ പഞ്ചായത്തുകള്‍ ബി.ജെ.പി.യും യു.ഡി.എഫും ഭരിക്കുന്നു. ഏഴെണ്ണം ഇടത് മുന്നണിയും. ഈ മേല്‍കൈയ്യിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. കേരളത്തിലെ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി.വിലയിരുത്തുന്ന മണ്ഡലത്തില്‍ വിജയം സ്വന്തമാകുമെന്നാണ് അവരുടെ അഭിപ്രായം.

കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളി

ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നത് മാത്രമാണ് പുതുപ്പള്ളിയിലെ മത്സരമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ ജയ്ക്ക് സി തോമസ് തന്നെയാണ് ഇത്തവണയും കുഞ്ഞൂഞ്ഞിന്റെ എതിരാളി.  പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടെ നേടാനായ മേല്‍ക്കൈയില്‍ ഇടതുക്യാമ്പിന് പ്രതീക്ഷയുണ്ട്. 

കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്താണ് എന്നത് ഇത്തവണ ഉമ്മന്‍ചാണ്ടിക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.

2016ലെ  തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം നേരിയ തോതില്‍ കുറയ്ക്കാന്‍ ജെയ്ക്കിനായിരുന്നു. കൂടാതെ, മണ്ഡലത്തില്‍ നിന്നുതന്നെയുള്ള വ്യക്തിയെന്നതും യാക്കോബായ സഭാംഗം എന്നതും ജെയ്ക്കിന് അനുകൂല ഘടകങ്ങളാണ്. കേരളാകോണ്‍ഗ്രസ് മാണി വിഭാഗം ഒപ്പമില്ലെങ്കിലും 50 വര്‍ഷമായി തുണയ്ക്കുന്ന പുതുപ്പള്ളിക്കാര്‍ കൈവിടില്ലെന്നുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ഉറച്ച വിശ്വാസം. 

 

വൈക്കത്തെ പെണ്‍ പോരാട്ടം 

വൈക്കത്ത വ്യത്യസ്തമാക്കുന്നത് പെണ്‍ പോരാട്ടമാണ്. ആരു ജയിച്ചാലും വൈക്കത്ത് ഇത്തവണ ഒരു വനിതാ എം.എല്‍.എ ഉണ്ടായിരിക്കും. 

നിലവിലെ എം.എല്‍.എ. സി.കെ. ആശയെ കളത്തിലിറക്കി  വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡിഎഫ്. എന്നാല്‍ ശക്തയായൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണായി പൊതുരംഗത്ത് ശ്രദ്ധേയയായ ഡോ. പി.ആര്‍.സോനയാണ് ഇത്തവണ യുഡിഎഫിനായി കളത്തിലിറങ്ങുന്നത്. 

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

വൈക്കത്തെ ഇടത് കോട്ടയില്‍ വിള്ളലുണ്ടാകുമെന്ന് എല്‍ഡിഎഫ് കരുതുന്നേയില്ല. പി.ആര്‍ സോന എന്ന കോട്ടയം മുന്‍ നഗരസഭാ അധ്യക്ഷയെ ഇറക്കി മികച്ച മത്സരം യുഡിഎഫ് കാഴ്ചവെക്കുന്നു. ഇടത് കോട്ടയില്‍ ഒരു അട്ടിമറിയാണ് അവരുടെ മോഹം. അതിന് വിദൂര സാധ്യത പോലുമില്ലെന്ന് എല്‍ഡിഎഫ് ഉറപ്പിച്ച് പറയുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കൂടിയായ അജിത സാബു എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെ അവര്‍ പിടിക്കുന്ന വോട്ടുകള്‍ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ചേക്കാം.

വൈക്കം 1977 മുതല്‍ എസ്.സി. സംവരണമണ്ഡലമാണ്. വൈക്കം നഗരസഭയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ എന്നീ പഞ്ചായത്തുകളും കൂടി ചേരുന്നതാണ് വൈക്കം നിയോജകമണ്ഡലം.

നിലവില്‍ ടി.വി.പുരം, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വെള്ളൂര്‍, കല്ലറ പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്. ഭരിക്കുന്നു. വൈക്കം നഗരസഭയും വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. 1957-ലെ കന്നി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.ആര്‍.നാരായണനാണ് വിജയിച്ചത്. എന്നാല്‍ 1960-ല്‍ സി.പി.ഐ.യിലെ പി.എസ്.ശ്രീനിവാസന്‍ വിജയിച്ചു. 65-ല്‍ സി.പി.ഐ.യും സി.പി.എമ്മും പരസ്പരം മത്സരിച്ചപ്പോള്‍ പി.പരമേശ്വരനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 

പിന്നീട് നടന്ന 67, 70, 77, 80, 82, 87 തിരഞ്ഞെടുപ്പുകളില്‍ സി.പി.ഐ. സ്ഥാനാര്‍ഥികളാണ് ഇവിടെ വിജയിച്ചത്.  91-ല്‍ കെ.കെ.ബാലകൃഷ്ണനിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 96-ല്‍ സി.പി.ഐ. എം.കെ.കേശവനിലൂടെ മണ്ഡലം തിരികെപ്പിടിച്ചു. 98-ലും 2001-ലും സി.പി.ഐ.യിലെ പി.നാരായണന്‍ വിജയിച്ചു. 2006-ലും 2011-ലും എം.കെ.കേശവന്റെ മകനായ കെ.അജിത്ത് സി.പി.ഐ. സ്ഥാനാര്‍ഥിയായി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ സി.കെ.ആശയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ചങ്ങനാശ്ശേരി ആര്‍ക്കൊപ്പം

കോട്ടയം ജില്ലയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. സമുദായിക ശക്തികളുടെ നിലപാട് നിര്‍ണായകമാകുന്ന മണ്ഡലം.  അതുകൊണ്ട് തന്നെ പ്രവചനങ്ങള്‍ക്ക് അതീതമാണ് ചങ്ങനാശ്ശേരിയുടെ തിരഞ്ഞെടുപ്പ് ഫലം. 

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലം. ജോസ് കെ.മാണി വിഭാഗത്തെ ഒപ്പം കൂട്ടി തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ക്യാമ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് മണ്ഡലത്തില്‍ സ്വാധീനമെന്നും അതിനാല്‍ വിജയം ഉറപ്പിക്കാനാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ചങ്ങനാശേരി അതിരൂപതയുടെയും എന്‍.എസ്.എസിന്റെയും ആസ്ഥാനം ഇവിടെയാണ്. 

ജോബ് മൈക്കിള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും വി.ജെ ലാലി യുഡിഎഫ് സ്ഥാനാര്‍ഥിയായും ജി രാമന്‍ നായര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. 

മണ്ഡലപുനര്‍നിര്‍ണയത്തിലും രൂപമാറ്റം വരുത്താത്ത ഏക മണ്ഡലമാണ് ചങ്ങനാശേരി. ചങ്ങനാശേരി നഗരസഭയും മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ചങ്ങനാശേരി നിയോജകമണ്ഡലം.

2011ല്‍ സി.പി.എമ്മിലെ ഡോ. ബി. ഇക്ബാലിനെ 2554 വോട്ടുകള്‍ക്കാണ് സി.എഫ്.തോമസ് പരാജയപ്പെടുത്തിയത്. എന്നാല്‍ തുടര്‍ന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. കുറിച്ചി പഞ്ചായത്ത് 30 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചതും യു.ഡി.എഫിന് ഗുണം ചെയ്യും.

ബി.ജെ.പി.യും ഗ്രാമപ്പഞ്ചായത്തുകളില്‍ തങ്ങളുടെ സ്വാധീനം തെളിയിച്ചിട്ടുണ്ട്. നഗരസഭയില്‍ നാല് അംഗങ്ങളെ വിജയിപ്പിച്ച ബി.ജെ.പി.ക്ക് പല വാര്‍ഡുകളിലും ശക്തമായ സ്വാധീനം അറിയിച്ചു. കുറിച്ചി, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലും ബി.ജെ.പി. സാന്നിധ്യമറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ നാല് പതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി.എഫ്. തോമസിന്റെ അഭാവമാണ് ചങ്ങനാശേരിയുടെ മറ്റൊരു പ്രത്യേകത. 

കേരളാ കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം തന്നെയാണ് കോട്ടയം ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളെയും പ്രവചനാതീതമാക്കുന്ന ഘടകം. മാറി മറിഞ്ഞ മുന്നണി സമവാക്യങ്ങളെ ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നറിയാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടിവരും. 

കോട്ടയം അഭിമാന പ്രശ്നമാണ് യുഡിഎഫിന്. ഉമ്മന്‍ ചാണ്ടിയുട തട്ടകത്തില്‍ ജോസ് പോയാലും ക്ഷീണമില്ലെന്ന് തെളിയിക്കാന്‍ ഐക്യമുന്നണി പൊരുതുന്നു. അപ്രാപ്യമായിരുന്ന പല സീറ്റും കൂടെ പോരാന്‍ ജോസിന്‍റെ വരവോടെ വഴിയൊരുങ്ങിയെന്നും അത് അപ്രതീക്ഷിത വിജയങ്ങള്‍ നല്‍കുമെന്നും ഇടതുപക്ഷം സ്വപ്നം കാണുന്നു.

എന്‍ഡിഎയുടെ പ്രധാന പ്രതീക്ഷ കാഞ്ഞിരപ്പള്ളിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ട് വര്‍ധനയും കണ്ണന്താനത്തിന്റെ വരവും എ ക്ലാസ് മണ്ഡലത്തില്‍ സ്വപ്നവിജയം നല്‍കുമെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നു.