കോട്ടയം: കോട്ടയം ജില്ലയില്‍ നിന്ന് നിയമസഭയില്‍ ഒരു സി.പി.എം. മന്ത്രി 20 വര്‍ഷത്തിനുശേഷം. 1987-91, 1996-2001 കാലത്ത് കോട്ടയത്തുനിന്ന് വിജയിച്ച ടി.കെ.രാമകൃഷ്ണന്‍ മന്ത്രിയായശേഷം പിന്നീട് ഇക്കാലമത്രയും സി.പി.എമ്മില്‍നിന്ന് ഒരു മന്ത്രിയെ കോട്ടയം ജില്ലയ്ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ വി.എന്‍.വാസവനിലൂടെ ആ കുറവ് സി.പി.എം. നികത്തുകയാണ്.

മാത്രമല്ല ഇരുവരും കോട്ടയം ജില്ലാ സെക്രട്ടറിമാരായിരുന്നുവെന്ന സാമ്യവുമുണ്ട്. 1970-78 കാലത്താണ് ടി.കെ.രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്നത്. ടി.കെ. തൃപ്പൂണിത്തുറക്കാരനായിരുന്നു. വാസവനാകട്ടെ കോട്ടയംകാരനായ മന്ത്രിയും.

2006-11, 2016-21 നിയമസഭകളില്‍ കോട്ടയത്തിന് സി.പി.എമ്മില്‍നിന്ന് മന്ത്രിയുണ്ടായിരുന്നില്ല. അതേസമയം ഇതിനിടയ്ക്ക് യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും തിരുവഞ്ചൂരുമടക്കം മന്ത്രിമാരായിരുന്നു. കോട്ടയത്ത് പാര്‍ട്ടിയുടെ സംഘാടനമികവും കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെത്തിച്ച രാഷ്ട്രീയദീര്‍ഘവീക്ഷണവുമാണ് വാസവന് മന്ത്രിപദത്തിലേക്ക് വഴിതുറന്നത്. എക്കാലത്തും യു.ഡി.എഫിന്റെ തട്ടകമായിരുന്നു കോട്ടയം.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മിലും യു.ഡി.എഫിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തപ്പോള്‍ ജോസ് കെ.മാണി പക്ഷത്തെ കൂടെക്കൂട്ടാന്‍ മുന്‍കൈയെടുത്തത് വാസവനായിരുന്നു. ഈ നീക്കമാണ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തെ തുണച്ചത്. ഇത് ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലമാക്കാന്‍ സഹായകമായി. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ചിട്ടയായ സംഘടനാപ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതും വാസവന്റെ മികവായിരുന്നു.

കേരള കോണ്‍ഗ്രസിനു കിട്ടിയ രണ്ടു പദവികളും കോട്ടയത്തിന്റെയും നേട്ടമാണ്. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍നിന്നുള്ള എം.എല്‍.എ.യാണെങ്കിലും പാലാ സ്വദേശിയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകമെന്ന നിലയില്‍ ഇത് കോട്ടയത്തിന്റെകൂടി അംഗീകാരമാണ്. ഇടതുമുന്നണിയിലേക്കുള്ള കളംമാറ്റം കേരള കോണ്‍ഗ്രസ് എമ്മിനും ഫലത്തില്‍ ഗുണകരമാകുകയാണ്.

content Highlight: kottayam gets CPM minister after 20 years