കോട്ടയം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരെ യുഡിഎഫിന്റെ കോട്ടയായിരുന്നു കോട്ടയം.  അന്ന് ആദ്യമായി ജോസ് കെ മാണി വിഭാഗത്തെ കൂട്ടുപിടിച്ച്  കോട്ടയത്തെ പഞ്ചായത്തുകളിലേക്ക് ഇടതുമുന്നണി തേരോട്ടം നടത്തി. പല കോട്ടകളും ആടിയുലഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ പോലും യുഡിഎഫിന് അടിപതറി. അതിന്റെ തുടര്‍ച്ചയാണ്  നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിലുണ്ടായ ഭരണ അനുകൂല വികാരവും ജോസ് കെ മാണി വിഭാഗത്തിന്റെ സാന്നിധ്യവും യാക്കോബായ സഭയുടെ സ്വാധീനവുമെല്ലാം ഒന്‍പതില്‍ ആറ് സീറ്റെന്ന യുഡിഎഫിന്റെ മേധാവിത്വത്തെ നാലിലേക്ക് ചുരുക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  സ്വന്തമാക്കിയ രണ്ടു സീറ്റുകള്‍ അഞ്ചായി വര്‍ദ്ധിപ്പിച്ച് ഇടതു മുന്നണി കോട്ടയത്ത് മുന്നേറ്റം നടത്തി.

യു.ഡി. എഫ് നാല് സീറ്റുകളില്‍ വിജയിച്ചുവെങ്കിലും ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷത്തില്‍ കനത്ത ഇടിവുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി 2016ല്‍ സ്വന്തമാക്കിയ 27092 വോട്ടിന്റെ ഭൂരിപക്ഷം  8504 ലേക്ക് കുറച്ചു. കോട്ടയത്ത് തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം 33632 ല്‍ നിന്ന് 17815  ആയും കുറഞ്ഞു. കടുത്തുരുത്തിയിൽ പി.ജെ.ജോസഫ്  വിഭാഗത്തിന്റെ മോന്‍സ് ജോസഫിനാകട്ടെ  42256 ന്റെ  ഭൂരിപക്ഷം  3692 ആയി കുറഞ്ഞു. ആകെ അഭിമാനിക്കാവുന്ന വിജയം മാണി സി കാപ്പന്റേത് മാത്രമാണ്. 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പന്‍  2,943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ വിജയം 14941 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉയർത്താൻ  കാപ്പന് കഴിഞ്ഞു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ പരാജയത്തോളം വേദനിപ്പിക്കുന്ന വിജയമാണ് കോട്ടയത്ത് മറ്റ് മൂന്ന് മണ്ഡലങ്ങളിലേതും.

വൈക്കം

സിപിഐയുടെ ശക്തയായ സ്ഥാനാര്‍ഥി സി.കെ ആശയെ നേരിടാന്‍  കോട്ടയം നഗരസഭ ചെയര്‍പേഴ്സണായി പൊതുരംഗത്ത് ശ്രദ്ധേയയായ  സോനയെ ആണ് യുഡിഎഫ് കളത്തിലിറക്കിയത്. പക്ഷേ വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സി.കെ ആശ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഒടുവില്‍  28947 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആശ വിജയിച്ചത്. കഴിഞ്ഞ തവണ 24584 വോട്ടിനായിരുന്നു ജയം. എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തില്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും  ഭരണ അനുകൂല വികാരവും ആശയെ തുണച്ചു. 

പൂഞ്ഞാര്‍  

പി.സി. ജോര്‍ജ്ജിനെ ഒടുവില്‍ പൂഞ്ഞാര്‍ കൈവിട്ടു.  വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മിന്നുന്ന വിജയം. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും  വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍.  ബദ്ധശത്രുവായ ജോസ് കെ. മാണി പക്ഷമാണ് പി.സിയുടെ തേരോട്ടത്തിന് വിലങ്ങിട്ടത്.

40 വര്‍ഷമായി പൂഞ്ഞാറിലെ എം.എല്‍.എ .ആണ് പി.സി. ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് പാളയത്തിനായിരുന്നു പി.സി ജോര്‍ജ്ജ്.  സോളാര്‍ വിവാദത്തെ തുടര്‍ന്ന് ജോര്‍ജ്ജ് നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് കേരള കോണ്‍ഗ്രസില്‍ നിന്നും പിന്നീട് യുഡിഎഫില്‍ നിന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. എന്നിട്ടും 2016-ല്‍ മൂന്ന്  മുന്നണികളെയെല്ലാം ഞെട്ടിച്ചുകൊണ്ട്  പി.സി. ജോര്‍ജ്ജ് വിജയിച്ചു. അതും 27821 വോട്ടിന്റെ ഭൂരിപക്ഷത്തിന്.

2021-ല്‍ പക്ഷേ പി.സി. ജോര്‍ജ്ജിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പിന്തുണയ്ക്കുമെന്ന് കരുതിയ എന്‍.ഡി.എ. അവസാന നിമിഷം സ്ഥാനാര്‍ഥിയെ നിര്‍ത്തി. ശബരിമലയില്‍ ഉള്‍പ്പെടെ പി.സി. ജോര്‍ജ്ജ് എടുത്ത നിലപാടുകള്‍  ബി.ജെ.പി. വോട്ടുകളില്‍ അദ്ദേഹത്തിന് പ്രതീക്ഷ നല്‍കി. 

എന്നാല്‍ അദ്ദേഹത്തിന്റെ  ചില പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളെ പോലും സംഘര്‍ഷഭരിതമാക്കുന്ന കാഴ്ചയാണ് കണ്ടത്.  ഈരാട്ടുപേട്ടയില്‍ പ്രചാരണത്തിന് പോയ പി.സി. ജോര്‍ജ്ജിന് നേരെ കൂവലുകള്‍ പോലും ഉണ്ടായി. കൂവിയവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് പി.സി അന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് പോന്നത്. ഇരുപതിനായിരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ആത്മവിശ്വാസം. പക്ഷേ പൂഞ്ഞാര്‍ ഒടുവില്‍ പി.സിയെ കൈവിട്ടു. 

പുതുപ്പള്ളി

പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എം.എല്‍.എ. ആയ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജെയ്ക്ക് സി തോമസ്. വിജയിക്കാനായെങ്കിലും വെറും 8504 വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ ചാണ്ടിയ്ക്ക് നേടാനായുള്ളു

2016-ലെ തിരഞ്ഞെടുപ്പില്‍ 27,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. 71597 വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് 44505 വോട്ടുകള്‍ നേടി. 

മണര്‍കാട് പഞ്ചായത്തിലെ ലീഡാണ് ഉമ്മന്‍ ചാണ്ടിയുടെ കുതിപ്പിന് വിലങ്ങുതടിയായത്. യാക്കോബായ സഭാ വിഭാഗത്തിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് മണര്‍കാട് പഞ്ചായത്ത്. ജെയ്ക്ക് സി. തോമസ് മണര്‍കാട് ഇടവാംഗം കൂടിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തില്‍ പോലും എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റം നടത്താനായിരുന്നു.

ജെയ്ക്ക് വെറും ഒരു ചാവേര്‍ സ്ഥാനാര്‍ഥിയായിരുന്നില്ല. കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍  കരുതികൂട്ടി തന്നെയാണ് ജെയ്ക്കിനെ ഇടതുപക്ഷം രണ്ടാമതും ഉമ്മന്‍ചാണ്ടിയ്ക്കെതിരായി നിര്‍ത്തിയത്.  മണ്ഡലത്തില്‍ തന്നെയുള്ളെയാള്‍, യാക്കോബായ സഭാംഗം ഇതെല്ലാം ജെയ്ക്കിനെ വീണ്ടും പരിഗണിക്കാന്‍ കാരണമായി. ജോസ് കെ. മാണി ഇടതുചേരിയിലാണ് എന്നതും ജെയ്ക്കില്‍ ആത്മവിശ്വാസം കണ്ടെത്താന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്. 

ഏറ്റുമാനൂര്‍

ഏറ്റുമാനൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എന്‍. വാസവന് മിന്നുന്ന ജയം. ആദ്യ രണ്ട് റൗണ്ടുകളില്‍ വാസവന്‍  ലീഡ് ചെയ്തെങ്കിലും പിന്നീട്  യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. എന്നാല്‍ അവസാന റൗണ്ടുകളില്‍ വാസവന്‍ ജയം തിരിച്ചു പിടിച്ചു. 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാസവന്‍ ജയം സ്വന്തമാക്കിയത്. 

ലതിക സുഭാഷിന്റെ വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ ശ്രദ്ധ നേടിയ മണ്ഡലമാണ് ഏറ്റുമാനൂര്‍. ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യു.ഡി.എഫ്. വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായി. ഇത് പ്രിന്‍സിന്റെ പരാജയത്തിന്റെ ആഴം കൂട്ടി. 

2016-ല്‍ അഡ്വ. സുരേഷ് കുറുപ്പ്  8,899 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍. ആ ലീഡ്നില വര്‍ദ്ധിപ്പിച്ചാണ് വാസവന്റെ വിജയം. മൂന്ന് ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.എന്‍. ജയരാജിന് ജയം. 

സിറ്റിങ് എം.എല്‍.എ. ആയ ജയരാജ് 9000 ത്തില്‍ പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എന്‍.ഡി.എയ്ക്ക് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും ഏറ്റുമുട്ടി ത്രികോണ മത്സരം കാഴ്ച്ചവെച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പക്ഷേ അവസാന വിജയം ഡോ.എന്‍ ജയരാജിനായിരുന്നു.

2016ല്‍ 3890 വോട്ടുകള്‍ക്കാണ് ഡോ.എന്‍ ജയരാജ് വിജയിച്ചത്. അന്ന് പക്ഷേ യുഡിഎഫ് പാളയത്തിലായിരുന്നു ജയരാജും കേരളാ കോണ്‍ഗ്രസും. എന്നാല്‍ കളം മാറ്റി ചവിട്ടിയിപ്പോള്‍ ഭൂരിപക്ഷവും കൂട്ടിയാണ് വിജയത്തിലെത്തിയതെന്ന് ജയരാജിന് അഭിമാനിക്കാം

കാഞ്ഞിരപ്പള്ളി

മൂന്ന് ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.എന്‍. ജയരാജിന് ജയം. 

സിറ്റിങ് എം.എല്‍.എ. ആയ ജയരാജ് 9000 ത്തില്‍ പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എന്‍.ഡി.എയ്ക്ക് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും ഏറ്റുമുട്ടി ത്രികോണ മത്സരം നടന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പക്ഷേ അവസാന വിജയം ഡോ.എന്‍ ജയരാജിനായിരുന്നു.

2016ല്‍ 3890 വോട്ടുകള്‍ക്കാണ് ഡോ.എന്‍ ജയരാജ് വിജയിച്ചത്.  അന്ന് പക്ഷേ യുഡിഎഫ് പാളയത്തിലായിരുന്നു ജയരാജും കേരളാ കോണ്‍ഗ്രസും. എന്നാല്‍ കളം മാറ്റി ചവിട്ടിയിപ്പോള്‍ ഭൂരിപക്ഷവും കൂട്ടിയാണ് വിജയത്തിലെത്തിയതെന്ന് ജയരാജിന് അഭിമാനിക്കാം

Content Highlight: kottayam district  Kerala Assembly Election result