കോട്ടയം: 12 സീറ്റെങ്കിലും വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം നിലനിൽക്കെ, കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് ചങ്ങനാശ്ശേരി സീറ്റ് ലക്ഷ്യമിടുന്നത് യു.ഡി.എഫ്. ചർച്ച സങ്കീർണമാക്കുന്നു. കേരള കോൺഗ്രസ് നേതാവ് സി.എഫ്. തോമസാണ് കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഇവിടെ ജയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതിനോട് പ്രാദേശികമായി കേരളാ കോൺഗ്രസിൽ എതിർപ്പുണ്ട്.
നിലവിൽ ഇരിക്കൂർ എം.എൽ.എ.യാണ് കെ.സി. ജോസഫ്. ചങ്ങനാശ്ശേരി സീറ്റിലേക്ക് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചെങ്കിലും മുന്നണിചർച്ചയ്ക്കുശേഷം തീർപ്പുപറഞ്ഞാൽ മതിയെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. കോട്ടയത്തെത്തിയ എ.ഐ.സി.സി. നിരീക്ഷകർക്ക് മുന്നിലും കെ.സി. ജോസഫിന്റെ സീറ്റ് മാറ്റം പരിഗണനയ്ക്കുവന്നിരുന്നു. മറ്റൊരു കക്ഷിയുമായുള്ള വെച്ചുമാറ്റം വേണ്ട വിഷയത്തിൽ അവർ തീർപ്പ് മാറ്റിവെച്ചു.
കോട്ടയത്ത് അവിഭക്ത കേരളാ കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എട്ടുസീറ്റിൽ മത്സരിക്കുമെന്ന ഡി.സി.സി. ആവശ്യത്തെ ജോസഫ് വിഭാഗം ജില്ലാനേതൃത്വം വിമർശിച്ചിരുന്നു. ഇതോടെ സീറ്റുകളിലെ സാധ്യതാ സ്ഥാനാർഥികളെ പ്രാഥമികമായി കണ്ടെത്തി പ്രാദേശിക നേതൃത്വങ്ങൾ രംഗത്തുവന്നു. ജില്ലയിൽ ചങ്ങനാശ്ശേരിക്കും കടുത്തുരുത്തിക്കും പുറമേ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളാണ് പാർട്ടി ചോദിക്കുന്നത്.
Content Highlights: Kerala Assembly Election 2021: Changanassery constituency