കോഴിക്കോട്: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പി. രണ്ടുവഴിക്ക് പിരിയുമെന്ന് ഉറപ്പായി. മന്ത്രി എ.കെ. ശശീന്ദ്രനും സംഘവും ഇടതുമുന്നണിയില്‍ നില്‍ക്കും. എലത്തൂര്‍ സീറ്റിനെച്ചൊല്ലി വിവാദമൊന്നും ഇല്ലെന്നതും അത് ഈ സാഹചര്യത്തില്‍ സി.പി.എം. തിരിച്ചെടുക്കാനിടയില്ലെന്നതുമാണ് ശശീന്ദ്രന് അനുകൂലമായ ഘടകം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയെ അടിക്കാനൊരു വടികിട്ടിയ സന്തോഷത്തിലാണ് യു.ഡി.എഫ്.
സീറ്റുചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പാലായുടെ കാര്യത്തില്‍ മുമ്പേ തീരുമാനമായതാണ്. പരസ്യമായി പറയുന്നില്ലെന്ന് മാത്രം. അതുതിരിച്ചറിഞ്ഞാണ് കാപ്പന്‍ വിമതശബ്ദം പുറപ്പെടുവിച്ചതും. സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററെയും ദേശീയ അധ്യഷന്‍ ശരദ് പവാറിനെയും മുന്നണിമാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതും കാപ്പന്‍ ഉന്നയിച്ച വിഷയം തന്നെ.
പാലാ സീറ്റിനെക്കുറിച്ചുള്ള നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേലുമായി പങ്കുവെച്ചിരുന്നു. പുതിയകക്ഷി മുന്നണിയിലേക്ക് വരുമ്പോള്‍ എല്ലാവരും ചില വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരുമെന്നാണ് പട്ടേലിനെ പിണറായി ഫോണില്‍ അറിയിച്ചത്. എല്‍.ജെ.ഡി.കൂടി ഇത്തവണ മുന്നണിയിലെത്തിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും പരിഗണിക്കണം. പാലാ മണ്ഡലത്തോട് ജോസ് കെ. മാണിക്കും കൂട്ടര്‍ക്കുമുള്ള വൈകാരികമായ അടുപ്പവും മുഖ്യമന്ത്രി എടുത്തുപറഞ്ഞെന്നാണ് സൂചന. പാലായുടെ കാര്യത്തില്‍ എന്‍.സി.പി. നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്ന മുന്നറിയിപ്പ് തന്നെയായിരുന്നു മുഖ്യമന്ത്രി പ്രഫുല്‍ പട്ടേലിന് നല്‍കിയ സന്ദേശം.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര കോട്ടയത്ത് എത്തുമ്പോള്‍ മാണി സി. കാപ്പന്റെ രാഷ്ട്രീയതീരുമാനം ഉണ്ടാകണമെന്ന് യു.ഡി.എഫ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതോടെയാണ് എന്‍.സി.പി.യിലെ വഴിപിരിയലിന് വേഗം കൂടുന്നത്.
എന്‍.സി.പി.യില്‍ വിള്ളലുണ്ടാകുന്നപക്ഷം എ.കെ. ശശീന്ദ്രനെ കൂടെനിര്‍ത്താനും കോണ്‍ഗ്രസ് എസില്‍ ലയിപ്പിക്കാനുമാണ് സി.പി.എമ്മിന് താത്പര്യം.
വഴിയടഞ്ഞതിങ്ങനെ
മാണി സി. കാപ്പന്‍ കുട്ടനാട്ടില്‍ മത്സരിക്കട്ടെയെന്ന് സി.പി.എം. നേതൃത്വം മധ്യസ്ഥര്‍വഴി ധരിപ്പിച്ചിരുന്നു. അവിടെ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന് വേണ്ടി നിശ്ചയിച്ചതിനാല്‍ അക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകളുണ്ടായില്ല. വിജയസാധ്യതയുള്ള രണ്ട് എ ക്ലാസ് സീറ്റുകള്‍ വര്‍ഷങ്ങളായി എന്‍.സി.പി.ക്ക് നല്‍കുന്നതും സി.പി.എം. ചൂണ്ടിക്കാട്ടി. ഇതും അവര്‍ക്ക് സ്വീകാര്യമായില്ല. കൂടുതല്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം. പ്രാദേശികഘടകംകൂടി നിര്‍ദേശിച്ചതോടെ പാലായുടെ കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു.