കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ സി.പി.ഐ.യിൽ ഏകദേശധാരണ.
പകരം ചങ്ങനാശ്ശേരിയോ പൂഞ്ഞാറോ ഏറ്റെടുക്കാനാണ് സാധ്യത. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവിന് മുന്നോടിയായി സ്ഥാനാർഥികളെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സി.പി.ഐ. പൂർത്തിയാക്കി. വൈക്കവും കാഞ്ഞിരപ്പള്ളിയുമാണ് നിലവിൽ പാർട്ടി സീറ്റുകൾ. 11, 12, 13 തീയതികളിലാണ് സംസ്ഥാന കൗൺസിൽ. ഇതിലാണ് സ്ഥാനാർഥികളുടെ മാനദണ്ഡം നിശ്ചയിക്കുന്നത്.
രണ്ടുതവണ മത്സരിച്ചവർ മാറുമോ, ചിലർക്ക് ഇളവ് അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ അപ്പോൾ തീരുമാനം വരും. മണ്ഡലമാറ്റങ്ങളും വിശകലനംചെയ്യും. ഇതിനുശേഷം മണ്ഡലം കമ്മിറ്റികൾ സ്ഥാനാർഥി സാധ്യതാപട്ടിക ജില്ലാനേതൃത്വത്തിന് കൈമാറും. അവരുടെ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയാണ് രീതി.
കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് എമ്മിലെ ഡോ. എൻ. ജയരാജിന്റെ സിറ്റിങ് സീറ്റാണ്. കേരള കോൺഗ്രസിന് സിറ്റിങ് സീറ്റുകൾ നൽകുമെന്ന് അവർ മുന്നണിയിൽ എത്തുമ്പോൾ ധാരണ ഉണ്ടാക്കിയിരുന്നു.
ചങ്ങനാശ്ശേരി കിട്ടുകയാണെങ്കിൽ മുൻ എം.എൽ.എ. കല്യാണകൃഷ്ണൻ നായരുടെ മകൻ കെ. മാധവൻപിള്ളയ്ക്കാണ് സാധ്യത. മണ്ഡലം സെക്രട്ടറിയാണ് അദ്ദേഹം. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും ഇവിടെ സാധ്യതാപട്ടികയിൽവരും.
വൈക്കത്ത് സിറ്റിങ് എം.എൽ.എ. സി.കെ. ആശയ്ക്ക് ഒരു ഉൗഴംകൂടി നൽകും. കാഞ്ഞിരപ്പള്ളി പാർട്ടി നിലനിർത്തുകയാണെങ്കിൽ അഡ്വ. വി.ബി. ബിനുവിനാണ് പ്രഥമപരിഗണന.
ബിജിമോൾ വീണ്ടും വരുമോ
ചങ്ങനാശ്ശേരി കഴിഞ്ഞവട്ടം ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ്. അവർക്ക് സീറ്റ് നൽകേണ്ടിവന്നാൽ സി.പി.ഐ.ക്ക് മറ്റൊരു സീറ്റ് പരിഗണിക്കണം. പൂഞ്ഞാർ ലഭിച്ചാൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകറിന് അവസരംകിട്ടാം. ശുഭേഷിന്റെ പേര് പീരുേമട് സീറ്റിലും പരിഗണിക്കാൻ സാധ്യതയുണ്ട്. ഇ.എസ്. ബിജിമോൾക്ക് വീണ്ടും അവസരം കിട്ടുമോയെന്നതാണ് പീരുമേട്ടിലെ സ്ഥാനാർഥി നിർണയത്തിലെ പ്രധാന ആകാംക്ഷ.
Content Highlights: kerala assembly election 2021