പാലാ: ഐശ്വര്യ കേരള യാത്രയുടെ വേദിയിലും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മാണി സി കാപ്പന്‍. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫിലെത്തിയ ശേഷം കാപ്പന്‍ പ്രസംഗം തുടങ്ങിയത്.
'25 കൊല്ലം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാം എന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ മാണിയും വി.എന്‍ വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെ'ന്നും അദ്ദേഹം കുറ്റപ്പെടുത്തി. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാന്‍ കഴിഞ്ഞു.
'ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് രാജിവച്ചത്. എല്‍ഡിഎഫിലെത്തിയിട്ട് ഇതുവരെയും രാജിവെക്കാത്ത റോഷിയും ജയരാജനും ചാഴിക്കാടനും ഇപ്പോഴും എംഎല്‍എമാരാണ്. എന്റെ രാജി ആവശ്യപ്പെടുന്നവര്‍ അത് കൂടി ഓര്‍ക്കണം.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മൂന്നുവര്‍ഷം ജയില്‍ വാസം അനുഭവിച്ച ആളാണ് എന്റെ അച്ഛന്‍ ചെറിയാന്‍.ജെ കാപ്പന്‍. അദ്ദേഹത്തിന്റെ ജൂനിയറായി 10 വര്‍ഷം പ്രവര്‍ത്തിച്ച കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാന്‍ ജെ കാപ്പനാണ്.
ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ ഒന്ന് കാണണം എന്നാണ് എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്. അതില്‍ ഒരു പാഴ്‌സല്‍ വരുന്നുണ്ട് എന്നെ പോലൊരു മൊട്ടത്തലയന്‍. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാണാം. യുഡിഎഫിന്റെ നേതാക്കള്‍ ആ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ എനിക്ക് കഴിയും. പാലായിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്.'- മാണി സി കാപ്പന്‍ പറഞ്ഞു.
എന്റെ ചങ്കായ പാലാക്കാര്‍ക്ക് നന്ദിയെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്