പാലാ: അരനൂറ്റാണ്ടുകാലത്തിനിടയിൽ വിജയാരവങ്ങൾ ഏറെ മുഴങ്ങിയ പാലാ കരിങ്ങോഴയ്ക്കൽ തറവാട്ടിലേക്ക്‌ പരാജയത്തിന്റെ കയ്പുനീർ എത്തുന്നത് ഇത് രണ്ടാം തവണ. 2004-ൽ മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങിയ ജോസ് കെ.മാണി പരാജയപ്പെട്ടതായിരുന്നു ആദ്യത്തേത്. അന്ന് ജോസ് കെ.മാണി മൂന്നാം സ്ഥാനത്തായി.

മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പാലാ നിയോജകമണ്ഡലത്തിൽ അന്നും കനത്ത തിരിച്ചടി ഉണ്ടായി. അന്നത്തെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട ജോസ് കെ.മാണി പിന്നീട് വിജയത്തിന്റെ പടവുകൾ താണ്ടി. 2009-ൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽനിന്ന് വിജയിച്ച ജോസ് കെ.മാണി 2016-ലും ജയിച്ചു. കെ.എം.മാണിയുടെ തുടർച്ചയായ വിജയങ്ങളും കരിങ്ങോഴയ്ക്കൽ തറവാടിന് ആഹ്ലാദനിമിഷങ്ങളായിരുന്നു.

കെ.എം.മാണിയുടെ മരണത്തിനുശേഷം 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയുടെ സ്വന്തം സ്ഥാനാർഥി ജോസ് ടോം പരാജയപ്പെട്ടതും തിരിച്ചടിയായിരുന്നു. എന്നാൽ, പിന്നീട് പാർട്ടിയിലെ പിളർപ്പിനും തുടർന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങൾക്കുമൊടുവിൽ ചിഹ്നം ലഭിച്ചതോടെ ജോസ് കെ.മാണിയുടെ തിളക്കമേറി. ഇടതുമുന്നണിയിൽ ചേക്കേറി പഞ്ചായത്തുതിരഞ്ഞെടുപ്പിൽ ജയം നേടിയതോടെ ജോസ് കിങ് മേക്കറായി. പാർട്ടിയുടെ നിയന്ത്രണം ജോസിന്റെ കൈകളിൽ ഭദ്രമായി. പക്ഷേ ഇത്തവണത്തെ വീഴ്ച അദ്ദേഹത്തിന് കനത്ത ആഘാതമാണ്.

Content Highlights: jose k mani pala