കോട്ടയം: ബി.ജെ.പി.യുടെ ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനം ബുധനാഴ്ച നടക്കും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഓണ്‍ലൈനായി പങ്കെടുക്കും. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ട് ചോര്‍ച്ചയുണ്ടായ ജില്ലയെന്ന നിലയില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക് അവസരമൊരുങ്ങും.

86,000 വോട്ടുകള്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞു എന്നതുതന്നെയാണ് പ്രധാന തലവേദന. ഇത് വിശദീകരിക്കാന്‍ ജില്ലാ നേതൃത്വം കണക്കുകള്‍ അവതരിപ്പിക്കേണ്ടിവരും. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം വഹിച്ചത് സംസ്ഥാന നേതൃത്വമാണ്. അവിടെ മുന്‍തിരഞ്ഞെടുപ്പിനേക്കാള്‍ 3000 വോട്ട് കുറയുകയാണ് ചെയ്തത്.

ഇവിടെ കേഡറുകള്‍ കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് സ്ഥാനാര്‍ഥിയായ അല്‍ഫോന്‍സ് കണ്ണന്താനംതന്നെ പരാതിപ്പെട്ടിരുന്നു. താന്‍ നേരിട്ട് പിടിച്ച 10,000 വോട്ടിനുപുറമേ പാര്‍ട്ടി വോട്ടും കൂടി കിട്ടിയെങ്കില്‍ ഫലം മറിച്ചായേനെയെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കേഡര്‍വോട്ടുകള്‍ ചോര്‍ന്നത് വലിയ വീഴ്ചയായി കാണുന്നു. ഇതേ മണ്ഡലത്തില്‍ ബി.ജെ.പി. ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തില്‍ പാര്‍ട്ടി മൂന്നാമതാണ് എത്തിയത്. മറ്റ് ശക്തികേന്ദ്രങ്ങളിലും ഇതുതന്നെയുണ്ടായി.

പത്തുവര്‍ഷം പിന്നിലേക്കെന്ന് നേതാക്കള്‍

വൈക്കത്ത് വോട്ട്ശേഖരം മൂന്നിലൊന്നായി കുറഞ്ഞു. ഏറ്റുമാനൂരില്‍ ഏഴായിരം വോട്ടുകളും പൂഞ്ഞാറില്‍ 12,000 വോട്ടുകളും പാലായില്‍ 15,000 വോട്ടുകളും കുറവാണ്. ചങ്ങനാശ്ശേരിയില്‍ ഏഴായിരം കുറവുവന്നു. പൂഞ്ഞാറില്‍ ബി.ജെ.പി. പി.സി.ജോര്‍ജിന് വോട്ട് മറിച്ചുവെന്ന ആരോപണം സ്ഥാനാര്‍ഥിയും ബി.ഡി.ജെ.എസ്. നേതാവുമായ എം.പി.സെന്‍ ആരോപണം ഉന്നയിക്കുന്നു.

അതേസമയം ഇവിടെ ബി.ഡി.ജെ.എസ്. വോട്ട് എവിടെപ്പോയെന്ന മറുചോദ്യവും ബാക്കി. ഏറ്റുമാനൂര്‍ ബി.ഡി.ജെ.എസില്‍നിന്ന് അവസാനനിമിഷം ബി.ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ഇവിടെ പോയതവണ ലഭിച്ച ബി.ഡി.ജെ.എസ്. വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് പോയിയെന്നാണ് വിലയിരുത്തല്‍.

പാലായിലെ വോട്ടുചോര്‍ച്ചയ്ക്ക് എതിരേ സ്ഥാനാര്‍ഥി ജെ.പ്രമീളാദേവി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാലായില്‍ ബി.ജെ.പി. കാപ്പന് വോട്ട് മറിച്ചെന്ന് ഇടത് സ്ഥാനാര്‍ഥി ജോസ് കെ.മാണി ആരോപണം ഉന്നയിച്ചിരുന്നു.

10 വര്‍ഷം പിന്നിലേക്കാണ് പാര്‍ട്ടി പോയതെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. ജില്ലാതലപ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവരെയും മുന്‍കാലനേതാക്കളെയും ഒഴിവാക്കിയതിനെതിരേയുള്ള വിമര്‍ശനങ്ങളും നേരിടേണ്ടിവരും.

Content Highlight:  Election defeat :BJP Leaders meeting