ഈരാറ്റുപേട്ട: കേരള ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജിന്റെ പ്രചാരണപര്യടനത്തിനിടെ മുത്തം നല്കിയ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി, ചെമ്മലമറ്റം സ്വദേശി മനോജ് എന്നിവർക്കെതിരേയാണ് പരാതി.

മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിനിടയിലാണ് വിദ്യാർഥിനി പി.സി.ജോർജിനെ മാല ഇട്ട് സ്വീകരിച്ച് മുത്തം നൽകിയത്. പര്യടനത്തിന്റെ ഫോട്ടോ, മോശമായ രീതിയിൽ അശ്ളീല കമന്റോടുകൂടി ഫെയ്‌സ്‌ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം നടന്നത് എരുമേലി പഞ്ചായത്തിലായതിനാൽ പരാതി എരുമേലി പോലീസ് സ്റ്റേഷനിലേക്ക്‌ കൈമാറി. സാമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട് അപകീർത്തിപ്പെടുത്തിയതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പുപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. നടപടി ആവശ്യപ്പെട്ട് പോലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും സ്ഥാനാർഥി പി.സി.ജോർജും പരാതി നൽകി.

Content Highlight:  cyber attack against girl who gave a kiss to PC George