'നിങ്ങള്‍ എവിടെച്ചെന്ന് പൂഞ്ഞാറുകാരനെന്ന് പറഞ്ഞാലും പി.സി. ജോര്‍ജിന്റെ ആളാണെന്ന് മറ്റുള്ളവര്‍ പറയും. ഏത് കാര്യത്തിന് എവിടെ ചെന്നാലും അതിന്റെ ഗുണം കിട്ടും..' പാറത്തോട് ഇടക്കുന്നം കവലയില്‍ പി.സി.ജോര്‍ജിന്റെ പ്രചാരണപ്രസംഗം പുരോഗമിക്കുകയാണ്. 

അതിനിടെ, അതിലൂടെ കടന്നുപോയ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടോമി കല്ലാനിയുടെ പ്രചാരണവാഹനത്തില്‍നിന്ന് സ്വര്‍ണക്കടത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് ഉയര്‍ന്നു. പ്രസംഗം നിര്‍ത്തി വാഹനം കടന്നുപോകാന്‍ കാത്ത പി.സി. സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു: പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും...
കൂടിനിന്നിരുന്നവര്‍ക്കിടയില്‍ ചിരി പടരുമ്പോഴേക്കും പി.സി. അടുത്ത വിഷയത്തിലേക്ക് കടന്നു.

കൂക്കിവിളിയും മറ്റുമായി ചിലയിടങ്ങളില്‍ പ്രചാരണം തടസ്സപ്പെട്ടെങ്കിലും പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തന്നെ തുടരുകയാണ്. മണ്ഡലത്തില്‍ കാല്‍ നൂറ്റാണ്ട് എം.എല്‍.എ. ആയിരുന്നയാളുടെ പരിചയവും വാക്ചാതുരിയും അതിന് തുണയാകുന്നു. ഇടക്കുന്നത്ത് പ്രചാരണത്തിന് പോയ ഇടങ്ങളിലെല്ലാം പി.സി. ജോര്‍ജിനെ കാത്ത് ആളുകളുണ്ടായിരുന്നു. കടന്നുപോകുന്ന വഴിയുടെ ഇരുവശത്തുമുള്ള വീടുകളില്‍നിന്നും സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിനിന്ന് പി.സിയെ അഭിവാദ്യം ചെയ്യുന്നു. ചിലയിടത്ത് വാഹനം നിര്‍ത്തി സ്ഥാനാര്‍ഥി അവര്‍ക്കിടയിലേക്ക് ചെല്ലുന്നു. ചിരപരിതനെപോലെ പ്രശ്‌നങ്ങള്‍ ചോദിക്കുന്നു. മറുപടി നല്‍കുന്നു.

PC George
പി.സി. ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | ഫോട്ടോ: ഷഹീര്‍ സി.എച്ച്. \ മാതൃഭൂമി

എവിടെ, എന്ത്, എങ്ങനെ പറയണമെന്ന കൃത്യമായ ധാരണയാണ് പി.സി. ജോര്‍ജിന്റെ പ്രചാരണത്തിന്റെ ശക്തി. വീട്ടമ്മമാര്‍ കൂടുന്നിടത്ത് കുടിവെള്ളപ്രശ്‌നവും സുരക്ഷിതമായ പാര്‍പ്പിടവും ചര്‍ച്ച ചെയ്യുന്ന പി.സി. പ്രധാന കവലകളില്‍ നടപ്പാക്കിയ വികസന പദ്ധതികളും മണ്ഡലത്തിലെ രാഷ്ട്രീയവും സംസാരിക്കുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ തനിക്കുനേരെ ഉണ്ടായ കൂക്കിവിളിയെ കുറിച്ച് വിശദീകരിക്കുന്നു. സി.എസ്.ഐ. പള്ളിപ്പടിയില്‍ എത്തിയപ്പോള്‍ ബൈബിള്‍ വചനം ഉദ്ധരിക്കുന്നു..

എസ്.ഡി.പി.ഐ. നേതൃത്വം തങ്ങളല്ല കൂവിയതെന്ന് പറഞ്ഞ സാഹചര്യത്തില്‍ അതിനി 'ആനക്കാര്യമായി' കരുതുന്നില്ലെന്നും ആരുടെയും വോട്ട് വേണ്ടെന്ന നിലപാട് ഒരു സ്ഥാനാര്‍ഥിയ്ക്കും എടുക്കാനാവില്ലെന്നും പി.സി. പ്രചാരണത്തിരക്കിനിടെ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.

'പൂഞ്ഞാറില്‍ ഒരു സംഘര്‍ഷവുമില്ല. ഏറ്റവും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടുള്ളത്. ഇലക്ഷനില്‍ നില്‍ക്കുന്ന ചില സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചിലയിടത്ത് ചെറിയ ചില പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍, ഞാനതിന് കൂട്ടുനില്‍ക്കുന്നില്ല. ഈരാറ്റുപേട്ടയിലെ തേവരുപാറയില്‍ പ്രചാരണത്തിനിടെ കുറേപേര്‍ കൂവി. കൂവിയ ആളുകളെ എനിക്കറിയാം. എസ്.ഡി.പി.ഐയുടെ ആളുകളാണ്. എസ്.ഡി.പി.ഐക്കാരല്ലെന്ന് അവരുടെ ജില്ലാ പ്രസിഡന്റ് ഇപ്പോള്‍ നിഷേധിച്ചിരിക്കുയാണ്. എനിക്ക് നേരിട്ട് കണ്ടാല്‍ അറിയാവുന്ന ആളുകളാണ് അവരെല്ലാം. പിന്നെ നിഷേധിച്ചിട്ട് കാര്യമുണ്ടോ..? എങ്കിലും, സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഞങ്ങളല്ല എന്നു പറഞ്ഞതിനര്‍ത്ഥം കൂവിയതില്‍ ദുഃഖമുണ്ടെന്നാണ്. ഇനി അത് വലിയ ആനക്കാര്യമായിട്ട് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് അവരെ പറ്റി മോശമായി പറയാനും ഉദ്ദേശിക്കുന്നില്ല.'

'അതുകഴിഞ്ഞ് ഞാന്‍ പാറത്തോട് വന്നപ്പോള്‍, പ്രസംഗിക്കുന്നതിനിടെ കുളത്തുങ്കലിന് (സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ -പൂഞ്ഞാറിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി) വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ജീപ്പ് നാല് പ്രാവശ്യം ട്രിപ്പടിച്ച് സംസാരം തടസ്സപ്പെടുത്തി. സ്ഥാനാര്‍ഥിയല്ലേ, സംസാരിക്കാന്‍ അനുവദിക്കണ്ടേ. ഞാന്‍ മൂന്നു പ്രാവശ്യം പറഞ്ഞു, ഒരു അഞ്ചു മിനിറ്റ് തരാന്‍. പക്ഷേ, കേട്ടില്ല. മാത്രമല്ല, വാഗമണ്‍ മുതല്‍ വെച്ചിരുന്ന മുഴുവന്‍ ബോര്‍ഡും പോസ്റ്ററും നശിപ്പിച്ചു. ഞാന്‍ മിണ്ടിയില്ല. ഇപ്പോഴും മിണ്ടുന്നില്ല. പക്ഷേ, മിണ്ടുന്നില്ല എന്നത് ദൗര്‍ബല്യമായി ആരും കരുതാന്‍ പാടില്ല. പി.സി. ജോര്‍ജിനെ എല്ലാവര്‍ക്കുമറിയാം. അങ്ങനെ പേടിച്ചോടുന്നവനല്ല. പക്ഷേ, സംഘര്‍ഷഭൂമിയെന്ന പേര് പൂഞ്ഞാറിന് വരുന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ജനങ്ങളെ അപമാനിക്കുന്ന ഒന്നിനും ഞാന്‍ കൂട്ടുനില്‍ക്കില്ല. അതുകൊണ്ട് ഞാന്‍ ക്ഷമിക്കുകയാണ്. അതിരില്ലാതെ ക്ഷമിക്കുകയാണ്. ആറാം തീയതി കഴിഞ്ഞ് മര്യാദകേട് കാട്ടിയാല്‍ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം. അപ്പോള്‍ പൂഞ്ഞാറിലെ ജനങ്ങളുടെ പേരില്ല, പി.സി. ജോര്‍ജിന്റെ പേരിലേ കാര്യങ്ങള്‍ വരൂ.'

PC George
പി.സി. ജോര്‍ജിന്റെ പ്രചാരണം | ഫോട്ടോ: ഷഹീര്‍ സി.എച്ച്. \ മാതൃഭൂമി

'മുസ്ലിം തീവ്രവാദ പ്രസ്ഥാനമായി എസ്.ഡി.പി.ഐ. മാറരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ച മാന്യന്‍മാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്. ആ സംഘടന എങ്ങനെ ഭീകരവാദത്തിലേക്ക് പോകുന്നു. അഭിമന്യുവിനെ കുത്തിക്കൊന്നതൊക്കെ നമുക്കറിയാം. പടച്ചവനെയോര്‍ത്ത്, നബി തിരുമേനിയെ ഓര്‍ത്ത്, പരിശുദ്ധ ഖുര്‍ആനിനെ ഓര്‍ത്ത് നിങ്ങളീ ഭീകരവാദം ഉപേക്ഷിക്കണം. ഇന്ത്യാ രാജ്യത്തിന്റെ ശക്തരായ വക്താക്കളാകണം നിങ്ങള്‍. ഇതാണ് എന്റെ അപേക്ഷ. അല്ലാതെ എസ്.ഡി.പിഐക്കാരെ തള്ളിപ്പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല.'

കൂവിയ സ്ഥലത്തുവെച്ച് 'നിങ്ങളുടെ വോട്ട് വേണ്ടെ'ന്നു പറഞ്ഞ നിലപാടിനും മാറ്റമുണ്ടോ എന്ന ചോദ്യത്തോട് പി.സി. പ്രതികരിച്ചതിങ്ങനെ: അന്നങ്ങനെ പറഞ്ഞു, അവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്‌തോട്ടെ. ഞാന്‍ നിര്‍ബന്ധിക്കാനില്ല. കാരണം, ആരുടെ വോട്ട് വേണ്ടെന്നും ഒരു സ്ഥാനാര്‍ഥിയും പറയില്ലല്ലോ. അപമാനിക്കപ്പെട്ടാല്‍ മറുപടി പറയണ്ടേ. ആരെങ്കിലും മുഖത്ത് നോക്കി വര്‍ത്തമാനം പറഞ്ഞാല്‍ വേണ്ടെന്ന് പറയാനുളള തന്റേടം കാണിക്കണ്ടേ. അതുകൊണ്ട് പറഞ്ഞതാണ്. അവരോട് ആരോടും വ്യക്തിവിരോധമില്ല.' 

Content Highlights: A day with Poonjar Janapaksham candidate PC George